Enter your Email Address to subscribe to our newsletters

New delhi, 18 നവംബര്‍ (H.S.)
മതപരമായ ചടങ്ങുകളിലെ മൃഗബലി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്, ആർ. മഹാദേവൻ, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജി തള്ളിയ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകയായ ശ്രുതി ബിഷ്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.
മതപരമായ ചടങ്ങുകളിൽ മൃഗങ്ങളെ കൊല്ലുന്നത് തടയാൻ നിർദേശങ്ങൾ നൽകുക, ഈ ആചാരത്തിനെതിരെ നടപടിയെടുക്കാൻ അധികാരികൾക്ക് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ മതപരമായ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നത് കുറഞ്ഞുവന്നിരുന്നെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ പല ഭാഗങ്ങളിലും മൃഗബലി തുടരുകയാണെന്ന് ഹർജിയിൽ വാദിച്ചു.
ഹിന്ദു മതഗ്രന്ഥങ്ങളുടെ യഥാർഥ അന്തസത്ത അനുസരിച്ച് 'ബലി' എന്നത് മനുഷ്യനിലെ അജ്ഞതയെയും അഹങ്കാരത്തെയും ത്യജിക്കുന്നതിന്‍റെ പ്രതീകമാണെന്നും മൃഗങ്ങളെ കൊല്ലുന്നതല്ല അർത്ഥമാക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. കൂടാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശവും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഏതൊരാളെയും പോലെ മൃഗങ്ങൾക്കും ബാധകമാണ്. അനിയന്ത്രിതമായ മൃഗവധം ഗുരുതരമായ പൊതുജനാരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ശാസ്ത്രീയവും പാരിസ്ഥിതികവും ഭരണഘടനാപരവുമായ ആശങ്കകളും ഹർജിക്കാരൻ ഉന്നയിച്ചു. ഹിമാലയൻ മേഖല, വടക്കുകിഴക്കൻ ഇന്ത്യ, ഒഡീഷയുടെയും പശ്ചിമ ബംഗാളിന്‍റെയും ചില ഭാഗങ്ങൾ, മഹാരാഷ്ട്ര, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ രീതികളെയാണ് ഇത് പരാമർശിച്ചത്.
---------------
Hindusthan Samachar / Sreejith S