Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 നവംബര് (H.S.)
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപ്പാക്കുന്ന തൂഫാൻ കെയർ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ ആശുപത്രി പ്രതിനിധികളുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രാഥമിക ഘട്ട ചർച്ച നടത്തി.
ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുകയോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയോ മാത്രമല്ല, ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് തൂഫാൻ കെയറിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ ആശുപത്രികളുടെയും ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ലഹരിക്ക് അടിമപ്പെട്ട എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കണം. ഇതിന് ആശുപത്രികൾ നൽകുന്ന പിന്തുണ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയെ ലക്ഷ്യമിട്ട് ശക്തമായ രീതിയിലാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികളെ വിവിധ മാർഗങ്ങളിലൂടെ ലഹരിയുടെ ലോകത്തേക്ക് ആകർഷിക്കുകയാണ് ഇവർ. ഈ വിപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തുക, കൗൺസലിംഗ് ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെ ലഹരിയിൽനിന്ന് അവരെ അകറ്റിനിർത്തുക, ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക എന്നിവയ്ക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും പദ്ധതിയുടെ ലക്ഷ്യമാണ്.
നിലവിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾ മുഖേന ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി അവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ലഹരിമാഫിയയ്ക്കെതിരായ പോരാട്ടം തുടർച്ചയായ പ്രക്രിയയാണ്. ബോധവൽക്കരണം, പ്രതിരോധം, നിയമനടപടികൾ, ചികിത്സ, പുനരധിവാസം എന്നിവ ഒരുപോലെ ശക്തിപ്പെടുത്താൻ ആരോഗ്യരംഗത്തുള്ളവരുടെ പൂർണമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് തൂഫാൻ കെയറിന്റെ ഭാഗമായി തങ്ങളുടെ സ്ഥാപനങ്ങൾക്ക് നൽകാനാകുന്ന സഹായങ്ങളും സഹകരണവും സംബന്ധിച്ച് ആശുപത്രി പ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തി. രണ്ടാംഘട്ട ചർച്ച 2027 ജനുവരിയിൽ നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ഐഎംഎ പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത മെഡിക്കൽ കോളേജ്, ആസ്റ്റർ മിംസ്, ലിറ്റിൽ ഫ്ലവർ, കാരിത്താസ്, എംഇഎസ്, ബിലിവേഴ്സ് ഹോസ്പിറ്റൽ, അസീസിയ മെഡിക്കൽ കോളേജ്, അനന്തപുരി ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S