Enter your Email Address to subscribe to our newsletters

New delhi, 18 നവംബര്‍ (H.S.)
മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരുമായി തര്‍ക്കമുണ്ടായെന്നു സമ്മതിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കുന്നതു സംബന്ധിച്ച ഫയലില്‍ മന്ത്രിമാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടേ പ്രതികരണം
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ഫയല്‍ ഉണ്ടാക്കുന്നത് തന്റെ ഓഫീസിലല്ല. ദേവസ്വം മന്ത്രിയാണ് അതു സംബന്ധിച്ച ഫയല്‍ സൃഷ്ടിക്കുന്നത്. അതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ താനും പങ്കെടുത്തിട്ടുണ്ട്. ഇന്ന് മന്ത്രിസഭാ യോഗത്തിനെത്തുന്നതിനു മുന്‍പ് എല്ലാ മന്ത്രിമാരും അതു സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടു. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കൊടുത്തു വിട്ടു എന്നൊക്കെ ഈ വാര്‍ത്ത കൊണ്ടു വന്ന മാധ്യമം എഴുതി. ഇതെല്ലാം പച്ചക്കള്ളമാണ്.
സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കൂടിയാലോചനകളില്ലെന്നത് മാധ്യമങ്ങളില്‍ വരുന്നതാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കെഎസ്ഇബി ആണ് ഫയല്‍ തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കാബിനറ്റില്‍ ഒരു പാടു തര്‍ക്കങ്ങളുണ്ടായി. രണ്ടര മണിക്കൂര്‍ സമയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നു. ഇത് പിണറായി വിജയന്റെ മന്ത്രിസഭാ യോഗം അല്ല. ഉന്നത വിദ്യാഭ്യാസ ബില്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നു. ചില മന്ത്രിമാര്‍ തര്‍ക്കിച്ചു. താന്‍ മുന്നോട്ടു വച്ച ചില കാര്യങ്ങളെ അവര്‍ എതിര്‍ത്തു. ആ വ്യവസ്ഥയുടെ അപകടം പലരും ചൂണ്ടിക്കാട്ടി. അങ്ങനെ താന്‍ മുന്നോട്ടു വച്ച ആ വ്യവസ്ഥ ഒഴിവാക്കി അവസാനം എല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് വേണ്ട കരുതലോടെ ബില്ല് തയ്യാറാക്കാന്‍ പറഞ്ഞു മന്ത്രിസഭാ യോഗം പിരിഞ്ഞു.
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തിവരുന്ന സമരത്തെ കുറിച്ച് അര മണിക്കൂര്‍ ചര്‍ച്ച നടത്തി. അവരുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു മന്ത്രിസഭയില്‍ പ്രധാന ചര്‍ച്ച. അവര്‍ ആരോഗ്യത്തോടെ വന്നാല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അതിന് വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. പിഎം ശ്രീയിലൊപ്പിട്ടിട്ട് മന്ത്രിസഭാ യോഗത്തില്‍ വന്ന് മിണ്ടാതിരുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയന്‍. അവിടെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫില്‍ അടിയെന്നാണ് പറയുന്നത്. തര്‍ക്കങ്ങളുണ്ടാകും. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായി. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ അവസാനം എല്ലാ കാര്യങ്ങളും ഐക കണ്ഠേന തീരുമാനിച്ചു. ഒരു തീരുമാനം പോലും മാറ്റി വച്ചില്ല. ടീം യുഡിഎഫ് ടീം യുഡിഎഫ് തന്നെ.
തര്‍ക്കങ്ങളില്ലാതെ എല്ലാം അടക്കിപ്പിടിച്ചിരുന്നാല്‍ എല്ലാം കൂടി ഒരിക്കല്‍ താഴെ വീഴും. ഇത് സ്തുതി പാടക സംഘമൊന്നുമല്ല. യുഡിഎഫ് മന്ത്രിസഭയിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും ഏക പക്ഷീയമായിരിക്കും. ഇന്ന് ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കും. ഘടകകക്ഷികള്‍ എല്ലാം തീര്‍ക്കണം എന്നു പറയുന്നത് എങ്ങനെ വിമര്‍ശനമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പിഎസ്സി പിരിച്ചു വിടണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കാതെ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത് ശരിയായില്ല. പക്ഷേ അതിന്റെ പേരില്‍ പിഎസ്സി ചെയ്ത തെറ്റുകള്‍ ഇല്ലാതാകാന്‍ പോകുന്നില്ല. ഇതു പോലെ കേരളത്തിലെ യുവാക്കളെ വഞ്ചിച്ച ഒരു സര്‍ക്കാരും ഒരു പിഎസ്സിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഒരാളെയും വെറുതേ വിടില്ല. പിഎസ്സി ചെയര്‍മാന്‍ ഏത് കൊമ്പത്തെ ആളാണ്. അദ്ദേഹം ഒളിച്ചു കളിക്കുന്നതെന്തിന്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷനു മുന്നില്‍ പോകില്ലെന്നു പറയാന്‍ അദ്ദേഹം ആരാണ്. മുഖ്യമന്ത്രിയെ ക്രൈം ബ്രാഞ്ച് വിളിച്ചാല്‍ അപ്പോള്‍ അവിടെ പോകും. എല്ലാ വരും നിയമത്തിന് വിധേയരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S