മോദിയുടെ ഭരണത്തില് വളര്ന്നത് അദാനിയും അംബാനിയും മാത്രം; രാജ്യം വലിയ സാമ്പത്തിക ദുരന്തത്തില്; രാഹുല് ഗാന്ധി
New delhi, 18 നവംബര്‍ (H.S.) ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഉല്‍പാദന മേഖല തകര്‍ന്നു. വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യ ഗുരുതര പ്രതി
Rahul Gandhi


New delhi, 18 നവംബര്‍ (H.S.)

ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഉല്‍പാദന മേഖല തകര്‍ന്നു. വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യ ഗുരുതര പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുലിന്റെ പരാമര്‍ശം. നേരത്തെയും സമാനമായ പരാമര്‍ശം രാഹുല്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിലാണ് ഇന്ത്യയില്‍ സാമ്പത്തിക ഭൂകമ്പമുണ്ടാകുമെന്നു രാഹുല്‍ പറഞ്ഞത്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെയും ബാധിക്കുമെന്നും അതിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

എന്നാല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ചര്‍ച്ചയില്‍ രാഹുല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സാമ്പത്തിക മോഡല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ഫലം നല്‍കുന്നതു അവസാനിപ്പിച്ചെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയവയുടെ ഫലപ്രാപ്തിയെക്കുറിച്ചും രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതികള്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ അരികിലാണ്. അതാണ് യാഥാര്‍ഥ്യം. മാധ്യമങ്ങള്‍ക്ക് ഇക്കാര്യം അവഗണിക്കാം. എന്നാല്‍ രാജ്യത്ത് വലിയൊരു തൊഴില്‍ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖലയിലും വലിയൊരു പ്രശ്‌നമുണ്ട്. അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട - ഇടത്തരം വ്യവസായങ്ങളായിരുന്നു ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലെന്നും നിലവില്‍ അതു തകര്‍ന്നതായും രാഹുല്‍ ആരോപിച്ചു. സേവന മേഖലയില്‍ മാത്രമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സേവന മേഖലയില്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ തൊഴില്‍ നല്‍കാന്‍ കഴിയൂ. ഉല്‍പാദന മേഖലയെ സര്‍ക്കാര്‍ പാടെ അവഗണിച്ചു. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉല്‍പാദന മേഖല ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഗൗതം അദാനിയും മുകേഷ് അംബാനിയും അടക്കമുള്ള വന്‍ ബിസിനസുകാര്‍ മാത്രമാണ് വളരുന്നതെന്നും ചെറുകിട ബിസിനസുകാരെല്ലാം പ്രതിസന്ധിയിലാണെന്നും രാഹുല്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വരാത്തത്? അംബാനിയും അദാനിയും മാത്രം ഇന്ത്യയില്‍ വളരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ടാറ്റ ഗ്രൂപ്പിനെ അദാനി കയ്യടക്കിയെന്നും രാഹുല്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

---------------

Hindusthan Samachar / Sreejith S


Latest News