Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 നവംബര്‍ (H.S.)
തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ രണ്ട് പ്രതികള്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. ഒന്നാംപ്രതിക്കും 11-ാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ് കോടതി വിധിച്ചിരിക്കുന്നത്. അമ്പലമുക്ക് കൃഷ്ണകുമാറാണ് കേസിലെ ഒന്നാം പ്രതി, പതിനൊന്നാം പ്രതി കരാട്ടെ സുരേഷും. പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.
തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആകെ 12 പ്രതികളുള്ള കേസില്‍ 10 പേര്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരുന്നു. പ്രതികളില്‍ ഒരാള്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. ആക്രമണം നടന്ന് 18-ാം വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2008 ഒക്ടോബര്‍ 17-ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണന്തലയിലെ പച്ചക്കറിക്കടയില്‍ കയറിയാണ് പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊന്നത്. രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതികള്‍ രക്ഷപ്പെട്ടു. സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രില്‍ ഒന്നിനാണ് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ച് വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലെ 13 പ്രതികളെയും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നേതാവുമായ വഞ്ചിയൂര്‍ ഹരിപ്രസാദ്, അമ്പലമുക്ക് കൃഷ്ണകുമാര്‍ അടക്കം 11 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. കേസിലെ രണ്ടാം പ്രതി പാല്‍ക്കുളങ്ങര സ്വദേശിയായ 'വെള്ളി നാരായണന്‍' എന്ന നാരായണന്‍കുട്ടിയാണ്. കൊലപാതകം നടന്ന് 18 വര്‍ഷമായിട്ടും ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
വിചാരണ നേരിട്ട പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. പ്രതികളെ വാഹനത്തില്‍ ജയിലിലേക്ക് മാറ്റുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂക്കി വിളിച്ചു. ഇതോടെ പ്രതികളും തിരിച്ച് പ്രതികരിച്ചു. പോലീസ് ഇടപെടല്‍ ഉണ്ടാകുന്നതിനിടെ സിപിഎം പ്രവര്‍ത്തകരും സ്ഥലത്തേക്ക് സംഘടിച്ച് എത്തി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇന്നലെ പ്രവര്‍ത്തകരെയെല്ലാം മാറ്റിയത്.
---------------
Hindusthan Samachar / Sreejith S