Enter your Email Address to subscribe to our newsletters

New delhi, 02 നവംബര്‍ (H.S.)
തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസര്‍ക്കാരിനേയും ലക്ഷ്യമിട്ട് ഇന്ത്യ മുന്നണിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി നീക്കം. രാജ്യവ്യാപകമായി ബിജെപി ഇന്ന് പദയാത്രകള്‍ സംഘടിപ്പിക്കും. 'ജനാധിപത്യത്തെ രക്ഷിക്കൂ, അരാജകത്വം ഒഴിവാക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ബിഹാര്‍, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പദയാത്രകള്‍ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ബിഹാറിലും പശ്ചിമബംഗാളിലും പദയാത്രകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കുന്ന മാര്‍ച്ചിനെ നയിക്കും.
ബിജെപി ബിഹാര്‍ ഘടകം എക്‌സില്‍ പങ്കുവച്ച വിവരങ്ങള്‍ അനുസരിച്ച്, നിതിന്‍ നബിന്റെ നേതൃത്വത്തിലുള്ള ആദ്യ പദയാത്ര ഇന്ന് (നവംബര്‍ രണ്ട്) ഭഗല്‍പൂരില്‍ നടക്കും. രാവിലെ 11 മണിക്ക് ലജ്പത് പാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നടയാത്ര ഉച്ചയ്ക്ക് 12.30ന് സേവാ ജ്യോതി ചൗക്കില്‍ സമാപിക്കും. ബിഹാറിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം കൊല്‍ക്കത്തയിലേക്ക് തിരിക്കും. അവിടെ നടക്കുന്ന രണ്ടാമത്തെ പദയാത്രയ്ക്കും അദ്ദേഹം നേതൃത്വം നല്‍കും. ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം, വൈകുന്നേരം മൂന്ന് മണിക്ക് കോളജ് സ്ട്രീറ്റില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് 5.30ന് ധര്‍മതലയില്‍ അവസാനിക്കും.
കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തെലങ്കാന ബിജെപി ഘടകം സംഘടിപ്പിക്കുന്ന പദയാത്രയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ബഷീര്‍ബാഗിലെ ബാബു ജഗ്ജീവന്‍ റാം പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നടയാത്ര മൊസാംജാഹി മാര്‍ക്കറ്റില്‍ സമാപിക്കും. കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി, തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍. രാമചന്ദര്‍ റാവു എന്നിവര്‍ ഞായറാഴ്ച അമിത് ഷായുടെ പദയാത്ര കടന്നുപോകുന്ന വഴികള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. പരിപാടി വന്‍ വിജയമാക്കുന്നതിനായി സുരക്ഷ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇരുവരും പരിശോധിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
മൊസാംജാഹി മാര്‍ക്കറ്റില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് എന്‍. രാമചന്ദര്‍ റാവു വ്യക്തമാക്കി. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പ്രമുഖര്‍ എന്നിവര്‍ക്ക് പുറമെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും ഈ കാല്‍നടയാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വോട്ട് മോഷണം ആരോപിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യ മുന്നണി ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു.
രാജ്യദ്രോഹ കുറ്റത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഭാവിയില്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കി ജയിലില്‍ അടയ്ക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി റാലിയില്‍ തുറന്നടിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം.
---------------
Hindusthan Samachar / Sreejith S