Enter your Email Address to subscribe to our newsletters

Chennai, 02 നവംബര്‍ (H.S.)
തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ഇവിടെ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് വി. നാരായണന് അറിയിച്ചു. ത പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 30ന് രാത്രി 11:51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് GSLV-F18 റോക്കറ്റില്‍ NVS-03 നാവിഗേഷന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതായും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ അടുത്ത തലമുറ നാവിഗേഷന്‍ ഉപഗ്രഹ പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണിതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു.
ഏകദേശം 38,000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ വിക്ഷേപിച്ച NVS-03 ഉപഗ്രഹത്തെ, പ്രൊപ്പല്‍ഷന്‍ എഞ്ചിന് ഉപയോഗിച്ച് 5,500 കിലോമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഉപഗ്രഹത്തെ ലക്ഷ്യസ്ഥാനത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. വസ്തുക്കളെ ട്രാക്ക് ചെയ്യുന്നതിനും, കൃത്യമായ സമയം അറിയുന്നതിനും, കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കുന്നതിനും ഈ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത്തരം സേവനങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്.
പൊതുസുരക്ഷ, വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും, കപ്പലുകളുടെ നാവിഗേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് നിലവില്‍ 56 ഉപഗ്രഹങ്ങളുണ്ട്. എങ്കിലും രാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും വിവിധ വിവരങ്ങള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്നും നാരായണന് പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാന് പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് നാരായണന് പറഞ്ഞു. 'ഈ പദ്ധതിക്കായി ഇതുവരെ ഏകദേശം 8,000 പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്‍പായി, പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ആളില്ലാ പേടകങ്ങള്‍ ആദ്യം അയക്കാനാണ് പദ്ധതി,'അദ്ദേഹം പറഞ്ഞു.
വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ആളില്ലാ പേടകങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമായിരിക്കും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടക്കുക. ചന്ദ്രയാന്‍ 4, ചന്ദ്രയാന്‍ 5 എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 4 2028-ല്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ചാന്ദ്ര ഗവേഷണങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 'ബഹിരാകാശത്തെയും സൂര്യനെയും സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിലൂടെ ഇതുവരെ ഏകദേശം 37 ടെറാബൈറ്റ് ഡാറ്റകള്‍ ലഭിച്ചിട്ടുണ്ട്. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനായി ഈ ശാസ്ത്രീയ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്,' നാരായണന് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S