Enter your Email Address to subscribe to our newsletters

Kollam, 02 നവംബര്‍ (H.S.)
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മതപണ്ഡിതനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ് ജൗഹരി. പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണങ്ങള്‍ നടത്തിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. പ്രതിയുടെ സ്ഥാപനം കേന്ദ്രീകരിച്ചും വരുംദിവസങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ ഇടപെടലുകളും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിയാസ് കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക രേഖകളും ബാങ്ക് അക്കൗണ്ടുകളും വരുംദിവസങ്ങളില്‍ പരിശോധിക്കും. വിദേശത്തുനിന്നടക്കം ഇയാള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
പിതാവിന്റെ അമ്മയുടെ ചികിത്സയ്ക്കായാണ് 16കാരി ബന്ധുക്കള്‍ക്കൊപ്പം ഓച്ചിറയിലെ സ്ഥാപനത്തിലെത്തിയത്. പ്രാര്‍ഥനയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെയും കുടുംബത്തെയും വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ സ്ഥാപനത്തില്‍ വച്ചാണ് പെണ്‍കുട്ടി ആദ്യം ലൈംഗികാതിക്രമത്തിന് ഇരയായതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 2025 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
കുട്ടി സുഹൃത്തുക്കളോടും പിന്നീട് മാതാപിതാക്കളോടും വിവരം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S