Enter your Email Address to subscribe to our newsletters

Kalpetta, 02 നവംബര് (H.S.)
കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ സ്കൂളിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും പഠിപ്പുമുടക്കി സ്കൂൾ മുറ്റത്ത് സംഘടിച്ചാണ് പ്രതിഷേധിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ നിരപരാധിയാണെന്നും അനാവശ്യ നടപടികൾ പിൻവലിച്ച് അദ്ദേഹത്തെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളികളോടെ സ്കൂൾ അങ്കണം ഉപരോധിച്ചു.
ഒക്ടോബർ അവസാന വാരം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 133-ലധികം വിദ്യാർത്ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ഉൾപ്പെടെ മൂന്ന് ബസുകളിലായി ഹൈദരാബാദിലേക്ക് പഠനയാത്ര പോയിരുന്നു. എന്നാൽ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പിടിഎ പ്രസിഡന്റ് ഹാജിസ് മദ്യപിച്ച് ബസിൽ കയറിയെന്ന് കുട്ടികൾ ആരോപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികൾ വിവരം അറിയിച്ചയുടൻ പ്രിൻസിപ്പൽ ഇടപെട്ട് അദ്ദേഹത്തെ ബസിൽ നിന്നും ഒഴിവാക്കാൻ നടപടിയെടുത്തിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, പ്രിൻസിപ്പലും മദ്യപിച്ചിരുന്നു എന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ ഉയർന്നുവരികയും ചെയ്തു. തുടർന്ന് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും വിധേയനാക്കിയെങ്കിലും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.
എന്നാൽ, ആർ.ഡി.ഡി.യുടെ മുൻകൂർ അനുമതി വാങ്ങാതെ യാത്ര സംഘടിപ്പിച്ചു, രാത്രിയാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചു, യാത്രാ ദിവസങ്ങൾ നീട്ടി തുടങ്ങിയ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഷിവി കൃഷ്ണനെ വടുവൻചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുടർ സ്ഥലംമാറ്റങ്ങൾ നൽകരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നടപടിക്കെതിരെയാണ് വിദ്യാർത്ഥികളും അധ്യാപക സംഘടനകളും രംഗത്തെത്തിയത്. തങ്ങൾ യാത്രയിലുടനീളം സുരക്ഷിതരായിരുന്നുവെന്നും പ്രിൻസിപ്പലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. വിഷയത്തിൽ പ്രിൻസിപ്പലിനെ ബലിയാടാക്കുകയാണെന്നും അദ്ദേഹം നിരപരാധിയാണെന്നും കുട്ടികൾ ഒന്നടങ്കം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് ആരോപിച്ച് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ (KSTA) മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സംഭവം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അധ്യാപകരെ മനപ്പൂർവ്വം ലക്ഷ്യമിട്ട് വേട്ടയാടാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ വ്യക്തമാക്കി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പ്രിൻസിപ്പലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രിൻസിപ്പലിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
---------------
Hindusthan Samachar / Roshith K