Enter your Email Address to subscribe to our newsletters

New delhi, 02 നവംബര്‍ (H.S.)
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. മൂന്ന് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മൂന്നുപേര്‍ പാര്‍ട്ടിവിട്ടത്. ഇതില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കുന്‍വര്‍ വിജയ് പ്രതാപ് സിങ് ഉള്‍പ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായത്.
അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുന്‍വര്‍ വിജയ് പ്രതാപ് സിങ്ങിന് പുറമെ പട്യാല ജില്ലയിലെ സനൗറില്‍ നിന്നുള്ള ഹര്‍മീത് സിങ് പത്താന്‍മജ്റ, സമാനയില്‍ നിന്നുള്ള ചേതന്‍ സിങ് ജോറമജ്റ എന്നിവരാണ് രാജിവച്ചത്. ഇവര്‍ മൂന്ന് പേരും ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2027ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി 40 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഈ പട്ടികയില്‍ ഹര്‍മീത് സിങ്ങിനെയും ചേതന്‍ സിങ്ങിനെയും ഉള്‍പ്പെടുത്താത്തതാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്.
നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സിങ് സന്ധ്വാന് കുന്‍വര്‍ വിജയ് പ്രതാപ് സിങ് തന്റെ രാജിക്കത്ത് കൈമാറി. 2026 നവംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് രാജി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിക്കത്തിന്റെ പകര്‍പ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പഞ്ചാബിനെ മയക്കുമരുന്ന്, ഗുണ്ടാവിളയാട്ടം, അഴിമതി എന്നിവയില്‍ നിന്ന് മോചിപ്പിച്ച് പുരോഗമനപരമായ ഒരു സംസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പഞ്ചാബിന് ഒന്നാം സ്ഥാനം നല്‍കുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കുന്‍വര്‍ വിജയ് പ്രതാപ് സിങ്ങിന്റെ പടിയിറക്കം ആം ആദ്മി പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2021ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 2022ലെ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം അകന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2025 ജൂണില്‍ അദ്ദേഹത്തെ അഞ്ച് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷവും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ട്ടി രൂപീകരിച്ച സമയത്തെ ആശയങ്ങളില്‍ നിന്ന് നേതൃത്വം വ്യതിചലിച്ചുവെന്നും സ്വരാജ് എന്ന അടിസ്ഥാന തത്ത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നും മയക്കുമരുന്ന് മാഫിയയും ഗുണ്ടാസംഘങ്ങളും പിടിമുറുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S