ജയിലില് അസുഖം, പുറത്തിറങ്ങുമ്പോള് വിദേശത്ത് പോകണം, തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം
Kochi, 02 നവംബര്‍ (H.S.) ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമീപിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടത്. വിദേശത്ത് പോയി ജോലി ചെയ്യാന്‍ അനുമതി തേടിയുളള ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. അനധികൃത സ്വത്ത് സ
TOMIN J THACHANKARY CASE


Kochi, 02 നവംബര്‍ (H.S.)

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമീപിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടത്. വിദേശത്ത് പോയി ജോലി ചെയ്യാന്‍ അനുമതി തേടിയുളള ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ടോമിന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവല്ലോയെന്നും പിന്നെ എങ്ങനെ വിദേശത്ത് പോയി ജോലിയെടുക്കുമെന്നും കോടതി പരിഹസിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ അതേ ഘട്ടത്തില്‍ വിദേശയാത്രയ്ക്കും അനുമതി തേടിയത് തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദേശത്ത് ജോലിയുണ്ടെന്നും അവിടെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നും അതുകൊണ്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നുമായിരുന്നു തച്ചങ്കരി ആവശ്യപ്പെട്ടത്. ഷാര്‍ജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്തുവരികയാണെന്നും ഒപ്പം ദുബായിലെ ഒരു ഐടി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പങ്കാളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നല്‍കുക,അല്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ 2027 മാര്‍ച്ച് 31 വരെയുളള സമയത്ത് യുഎഇയിലേക്ക് പോകാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടായിരുന്നു ഹര്‍ജി.

ഹര്‍ജി പരിഗണിക്കുന്നതിനിടെ തച്ചങ്കരിക്ക് രൂക്ഷമായ പരിഹാസമാണ് കോടതിയില്‍ നിന്നുണ്ടായത്. ജയിലിലേക്ക് പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് പോയ ആളാണ് തച്ചങ്കരിയെന്ന് കോടതി അഭിപ്രായപ്പെട്ടു. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ജോലിക്ക് പോകണമെന്ന് പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.

ജാമ്യാപേക്ഷയില്‍ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയര്‍ത്തിക്കാണിച്ചത്. ആരോഗ്യപ്രശ്‌നമുളളയാള്‍ക്ക് എങ്ങനെയാണ് വിദേശത്തേക്ക് പോയി ജോലി ചെയ്യാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. ജയിലില്‍ പോകുമ്പോള്‍ അസുഖം വരും പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യും. കോടതിയില്‍ ഇരിക്കുന്നവരും ബുദ്ധി ഉള്ളവരാണെന്ന് ഹൈക്കോടതി തച്ചങ്കരിയെ ഓര്‍മിപ്പിച്ചു.

തച്ചങ്കരി എത്ര ദിവസം ജയിലില്‍ കിടന്നുവെന്നതിന്റെയും ആശുപത്രിയില്‍ കിടന്നുവെന്നതിന്റെയും രേഖകള്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തച്ചങ്കരി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷാ വിധി മരവിപ്പിച്ചായിരുന്നു ഹൈക്കോടതി തച്ചങ്കരിയ്ക്ക് ജാമ്യം അനുവദിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് സ്പെഷല്‍ കോടതിയാണ് തച്ചങ്കരിയെ നാല് വര്‍ഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിന്നാലെ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകരുതെന്ന ജാമ്യ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് തച്ചങ്കരി ആവശ്യപ്പെട്ടത്.

---------------

Hindusthan Samachar / Sreejith S


Latest News