Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 നവംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാജവും അപകടകരവുമായ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടിയന്തരമായി പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ വ്ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മലപ്പുറത്ത് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് അമിതമായി മെര്‍കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ വൃക്ക രോഗം ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ അടിയന്തര ഇടപെടല്‍. യാതൊരുവിധ ഗുണനിലവാര പരിശോധനയും കൂടാതെ വിപണിയില്‍ എത്തുന്ന ഇത്തരം ക്രീമുകളും സപ്ലിമെന്റുകളും യുവാക്കള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചത്.
പ്രത്യേകിച്ച് സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മെര്‍കുറി പോലുള്ള വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധിക്കും. ജിമ്മുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന അംഗീകാരമില്ലാത്ത പ്രോട്ടീന്‍ പൗഡറുകളുടെയും മറ്റ് ആരോഗ്യ സപ്ലിമെന്റുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്ക് അയക്കും. ലൈസന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ക്ക് പരസ്യം നല്‍കുകയും, ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്ളോഗര്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും നിരീക്ഷണത്തിലാണ്. അംഗീകാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നവര്‍ക്കെതിരെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനം. പൊതുജനങ്ങള്‍ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും, ഡോക്ടര്‍മാരുടെയോ വിദഗ്ധരുടെയോ നിര്‍ദ്ദേശപ്രകാരം മാത്രമേ സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ സപ്ലിമെന്റുകളും ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
---------------
Hindusthan Samachar / Roshith K