Enter your Email Address to subscribe to our newsletters

Pathanamthitta, 22 നവംബര് (H.S.)
പത്തനംതിട്ട: മണ്ഡലകാല തീര്ഥാടനം ആരംഭിച്ച് ആദ്യ ആറ് ദിവസങ്ങള് പിന്നിടുമ്പോള് ശബരിമലയില് എത്തിയ തീര്ഥാടകരുടെ എണ്ണത്തില് വന് ഇടിവ്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് ഇത്തവണ പകുതിയോളം തീര്ഥാടകര് മാത്രമാണ് സന്നിധാനത്ത് ദര്ശനത്തിനായി എത്തിയത്. ആദ്യ ആറ് ദിവസങ്ങളിലായി 2.38 ലക്ഷത്തോളം തീര്ഥാടകരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 47 ശതമാനത്തോളം ഇടിവാണ് തീര്ഥാടകരുടെ തിരക്കില് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്ഷം നവംബര് 16 മുതല് 21 വരെയുള്ള ആറ് ദിവസങ്ങളില് 5,10,445 പേര് അയ്യപ്പ ദര്ശനം നടത്തിയിരുന്നു. എന്നാല് ഈ വര്ഷം ഇതേ കാലയളവില് എത്തിയത് 2,71,800ഓളം തീര്ഥാടകര് മാത്രമാണ്. ആദ്യ ദിവസമായ നവംബര് 16-ന് കഴിഞ്ഞ വര്ഷം 55,312 തീര്ഥാടകര് ദര്ശനം നടത്തിയ സ്ഥാനത്ത് ഇത്തവണ 24,875 പേര് മാത്രമാണ് എത്തിയത്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വര്ഷം 1.3 ലക്ഷം തീര്ഥാടകര് മലകയറിയപ്പോള് ഈ വര്ഷം എണ്ണം 38,000 ആയി ചുരുങ്ങി. മുന് വര്ഷത്തെ അപേക്ഷിച്ച് അറുപത്തിയയ്യായിരത്തിലധികം പേരുടെ കുറവാണ് വൃശ്ചികം ഒന്നിന് മാത്രം ഉണ്ടായത്. മറ്റ് ദിവസങ്ങളില് ശരാശരി എണ്പതിനായിരത്തിലധികം തീര്ഥാടകര് എത്തിയിരുന്നിടത്ത് ഇത്തവണ പകുതിയായി കുറഞ്ഞു.
തീര്ഥാടകരുടെ എണ്ണം കുത്തനെ ഇടിഞ്ഞത് ദേവസ്വം ബോര്ഡിന്റെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. നടവരവ്, അപ്പം-അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് എന്നിവയില് ഏഴ് മുതല് പത്ത് കോടി രൂപയുടെ വരെ കുറവാണ് ആദ്യ ആഴ്ചയില് ഉണ്ടായിരിക്കുന്നത്. അതേസമയം, വെര്ച്വല് ക്യൂ വഴി ദര്ശനം ബുക്ക് ചെയ്തവരില് ഇരുപതിനായിരത്തിലധികം പേര് കഴിഞ്ഞ ദിവസങ്ങളില് എത്താതിരുന്നത് ദേവസ്വം ബോര്ഡ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. ബുക്കിങ്ങിലെ ഈ ദുരൂഹത നീക്കുന്നതിനായി സൈബര് ഫൊറന്സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
വെര്ച്വല് ക്യൂ ബുക്കിങ് പൂര്ണ്ണമായും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില് സോഫ്റ്റ്വെയറില് പെട്ടെന്നൊരു മാറ്റം വരുത്താന് സാധിക്കില്ലെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് വ്യക്തമാക്കി. നിലവില് ബുക്കിങ്ങില് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ, നിലയ്ക്കലില് തീര്ഥാടകന് നേരെയുണ്ടായ പോലീസ് മര്ദനത്തിന്റെ പശ്ചാത്തലത്തില് ദക്ഷിണ മേഖലാ ഐ.ജി പി. പ്രകാശ് കര്ശന നിര്ദേശം പുറപ്പെടുവിച്ചു. സ്വഭാവദൂഷ്യമുള്ളവരെയും മദ്യപാനികളെയും പ്രശ്നക്കാരെയും ഒരു കാരണവശാലും ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്ക്കും യൂണിറ്റ് മേധാവികള്ക്കും ഐ.ജി നിര്ദേശം നല്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K