തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പാക്കണം; തൊഴിൽ പരിഷ്കാരങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണം: മന്ത്രി ബിന്ദു കൃഷ്ണ
Thiruvanathapuram, 22 നവംബര്‍ (H.S.) തൊഴിലാളികളുടെ അവകാശങ്ങളും നിലവിലുള്ള ആനുകൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം രാജ്യത്ത് തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഗുജറാത്തിലെ ഗാന്ധിനഗർ മഹാത്മാ മന്ദിറിൽ നവംബർ
bindhu


Thiruvanathapuram, 22 നവംബര്‍ (H.S.)

തൊഴിലാളികളുടെ അവകാശങ്ങളും നിലവിലുള്ള ആനുകൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം രാജ്യത്ത് തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഗുജറാത്തിലെ ഗാന്ധിനഗർ മഹാത്മാ മന്ദിറിൽ നവംബർ 21, 22 തീയതികളിൽ നടന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴിൽ മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിവിറിൽ കേരളത്തിന്റെ നിലപാടുകൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തുന്നതാകരുത്. തൊഴിൽ നിയമങ്ങൾ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് തൊഴിലാളി സൗഹൃദമായ വ്യവസ്ഥകൾ കൊണ്ടുവരുന്നതിനും ക്ഷേമപരിരക്ഷകൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നാല് ലേബർ കോഡുകളിലെ ചില വ്യവസ്ഥകൾ തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുവരുന്ന നിയമപരമായ പരിരക്ഷകളെ ബാധിക്കരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് യോഗത്തിൽ അറിയിച്ചു. തൊഴിൽ നിയമങ്ങളുടെ പരിധി ഉയർത്തുന്നത് കൂടുതൽ തൊഴിലാളികളെ നിയമപരമായ പരിരക്ഷയ്ക്ക് പുറത്താക്കാൻ ഇടയാക്കും. മിനിമം വേതനം, തൊഴിൽസമയം, തൊഴിൽസുരക്ഷ, പിരിച്ചുവിടൽ, ട്രേഡ് യൂണിയൻ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിൽ കോഡുകളുടെ പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ കേരള സർക്കാർ രൂപീകരിച്ച പ്രത്യേക സമിതി നവംബർ നാലിന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കുടുംബത്തെ അടിസ്ഥാനമാക്കി മിനിമം വേതനം കണക്കാക്കുക, ബോണസ് ആനുകൂല്യങ്ങൾ വിപുലീകരിക്കുക, അപകടസാധ്യതയുള്ള തൊഴിൽ മേഖലകളിൽ സൗജന്യ ആരോഗ്യപരിശോധന ഉറപ്പാക്കുക, വനിതാ തൊഴിലാളികളുടെ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിട്ടുള്ളത് എന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

അസംഘടിത മേഖലയിലെയും ഗിഗ്, പ്ലാറ്റ്‌ഫോം മേഖലയിലെയും തൊഴിലാളികൾക്ക് സമഗ്രമായ സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന് കീഴിൽ ഏകദേശം അഞ്ച് ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും പ്ലാറ്റ്‌ഫോം കമ്പനികളുടെ സംഭാവനയിലൂടെ ക്ഷേമനിധി രൂപീകരിക്കുന്നതിനും ദേശീയതലത്തിൽ സമഗ്രമായ നിയമസംവിധാനം വേണമെന്നും ആവശ്യപ്പെട്ടു.

ഗിഗ് തൊഴിലാളികൾക്ക് സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് കേരളം ബില്ല് തയ്യാറാക്കിയിട്ടുണ്ടെന്നും നിയമസഭാ സമ്മേളത്തിൽ ബില്ല് അവതരിപ്പിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. തൊഴിൽ വകുപ്പ്

നടപ്പിലാക്കുന്ന 'GIGON' വിശ്രമകേന്ദ്ര പദ്ധതിയും വിശദീകരിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒരു കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള ബില്ല് ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഇ.എസ്.ഐ കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

എറണാകുളം ഇ.എസ്.ഐ ആശുപത്രിയെ 65 കിടക്കകളിൽനിന്ന് 100 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തുന്നതിനും ആശുപത്രി വളപ്പിൽ പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനും നടപടി സ്വീകരിക്കണം. ഫോർട്ട് കൊച്ചിയിലെ ഇ.എസ്.ഐ സബ് സ്റ്റോർ തീപിടിത്തത്തിൽ നശിച്ച സാഹചര്യത്തിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും അടിയന്തരമായി ഒരുക്കണം. വെഞ്ഞാറമൂട്, റാന്നി ഉൾപ്പെടെ കേരളത്തിൽ പുതുതായി ആരംഭിക്കാൻ തീരുമാനിച്ച എട്ട് ഇ.എസ്.ഐ ഡിസ്പെൻസറികളുടെ പ്രവർത്തനാനുമതി റദ്ദാക്കിയ നടപടി പുനഃസ്ഥാപിച്ച് അവ പ്രവർത്തന സജ്ജമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News