Enter your Email Address to subscribe to our newsletters

Kochi,22 നവംബര്‍ (H.S.)
ഇന്ത്യൻ നാവിക അക്കാദമിയിലെ 2026ലെ ശരത്കാല പാസിംഗ് ഔട്ട് പരേഡ് (POP) 2026 നവംബർ 28ന് നടക്കും. ചടങ്ങിൽ മുഖ്യാതിഥിയാകുന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പരേഡ് വീക്ഷിക്കും. ഓഫീസർ ട്രെയിനികൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയിലെ കമ്മീഷൻഡ് സേവനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടക്കുന്നത്.
ഏഴിമലയിൽ ഇന്ത്യൻ നാവിക അക്കാദമിയിലെ പെരേര പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ വിവിധ കോഴ്സുകളിലായി പരിശീലനം പൂർത്തിയാക്കിയ 400ലധികം ഓഫീസർ ട്രെയിനികൾ പങ്കെടുക്കും. INAയിലെ അവരുടെ പരിശീലനത്തിന്റെ പരിസമാപ്തി കുറിക്കുന്നതാണ് ഈ പരേഡ്. അക്കാദമിയിൽ പരിശീലിപ്പിക്കുന്ന അച്ചടക്കം, കൃത്യത, പരിശീലന മികവ് എന്നിവ പരേഡ് പ്രതിഫലിപ്പിക്കും. നേതൃത്വത്തിന്റെയും സേവനത്തിന്റെയും ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ ട്രെയിനികളെ സജ്ജരാക്കുന്നതാണ് ഈ പരിശീലനം. പ്രൊഫഷണൽ കഴിവ്, നേതൃത്വഗുണങ്ങൾ, ശാരീരിക ക്ഷമത, സ്വഭാവമേന്മ എന്നിവ വികസിപ്പിക്കുന്നതിനും കർത്തവ്യം, ആദരം, ധൈര്യം എന്നീ അടിസ്ഥാന മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമായി സമഗ്രമായ പരിശീലനമാണ് ട്രെയിനികൾക്ക് നൽകിയത്.
അയൽ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള ഓഫീസർ ട്രെയിനികൾ ഇന്ത്യൻ ട്രെയിനികൾക്കൊപ്പം പങ്കെടുക്കുന്നത് സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സൗഹൃദ തീരദേശരാഷ്ട്രങ്ങളുമായി ദീർഘകാല ബന്ധങ്ങൾ വളർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു. INAയിൽ ഒരുമിച്ച് പരിശീലനം നേടുന്നത് പരസ്പര ധാരണ വളർത്തുകയും പ്രൊഫഷണൽ ബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുകയും സമുദ്ര സുരക്ഷയോടും സഹകരണത്തോടുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പരിശീലനത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഓഫീസർ ട്രെയിനികൾക്ക് മെഡലുകളും ട്രോഫികളും ചടങ്ങിൽ സമ്മാനിക്കും. കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ നൽകുന്നതിന്റെ പ്രതീകമായ, കാലങ്ങളായി നിലനിൽക്കുന്ന ‘ ഷിപ്പിംഗ് ഓഫ് സ്ട്രൈപ്പ്സ് ’ ആയിരിക്കും ചടങ്ങിന്റെ പ്രധാന ആകർഷണം. ഇതോടെ ട്രെയിനികൾ ഓഫീസർമാരായി മാറുകയും ഉദ്യോഗസ്ഥരെ നയിക്കുന്നതിനും രാജ്യത്തെ ആദരപൂർവം സേവിക്കുന്നതിനുമുള്ള ഉത്തരവാദിത്വo ഏറ്റെടുക്കുകയും ചെയ്യും.
പാസിംഗ് ഔട്ട് ഓഫീസർമാര്‍ക്ക് പരിശീലന യാത്രയിലുടനീളം പിന്തുണ നൽകിയ കുടുംബാംഗങ്ങൾ ഈ സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കും. നാവികസേനയുടെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ INAയിലെ അധ്യാപകർ നൽകിയ സംഭാവനയെയും ഈ ചടങ്ങ് അംഗീകരിക്കുന്നു.
2026ലെ ശരത് കാല പാസിംഗ് ഔട്ട് പരേഡ് ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സമൂഹമാധ്യമ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. രാജ്യത്തിനകത്തുള്ളവർക്കും വിദേശത്തുള്ളവർക്കും ഇതിലൂടെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR