Enter your Email Address to subscribe to our newsletters

Newdelhi , 22 നവംബര് (H.S.)
ന്യൂഡൽഹി: നേപ്പാളിലെ ബാഗ്ഡോഗ്ര എൻട്രി പോയിന്റ് വഴി സൈനിക വിമാനങ്ങൾക്ക് സഞ്ചരിക്കാൻ ഇന്ത്യ നിർദ്ദേശം സമർപ്പിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ ഔദ്യോഗിക വൃത്തങ്ങൾ പൂർണ്ണമായും തള്ളി. അത്തരത്തിലുള്ള യാതൊരു നിർദ്ദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാവിമാനങ്ങൾക്ക് (Civilian flights) നേപ്പാളിന്റെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ കർശനമായി വ്യക്തമാക്കി.
അതേസമയം, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ദ്വിദിന സന്ദർശനത്തിനായി ഇന്ന് ആദ്യമായി ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം പ്രതിനിധി തല ചർച്ചകൾ നടത്തും. ചർച്ചകൾക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും ചേർന്ന് വിവിധ ഊർജ്ജ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും കൈമാറുകയും ചെയ്യും.
ഡൽഹി സന്ദർശനത്തിനിടെ നേപ്പാൾ പ്രധാനമന്ത്രി രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം സന്ദർശിച്ച് രാഷ്ട്രപിതാവിന് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നേപ്പാൾ-ഇന്ത്യ ബിസിനസ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.
ഇതിനുപുറമെ, അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന പുതിയ പ്രതിവാര ട്രെയിൻ സർവീസും ആരംഭിക്കുന്നുണ്ട്. ജനക്പൂർ ധാമിനെയും അയോധ്യ കന്റോൺമെന്റിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ ഏകദേശം 604 കിലോമീറ്റർ ദൂരം സഞ്ചരിക്കും. യാത്രാമധ്യേ ബിഹാറിലെയും ഉത്തർപ്രദേശിലെയും പ്രമുഖ കേന്ദ്രങ്ങളായ ജയനഗർ, മധുബനി, ശിശോ, സീതാമർഹി, റക്സൗൾ, നർക്കട്ടിയാഗഞ്ച്, ഗോരഖ്പൂർ, ബസ്തി, മൻകാപൂർ, അയോധ്യ ധാം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ബന്ധങ്ങളാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ളത്. 1950-ലെ സമാധാന-സൗഹൃദ ഉടമ്പടിയും 1,751 കിലോമീറ്റർ നീളമുള്ള തുറന്ന അതിർത്തിയും ഈ ബന്ധത്തിന് അടിത്തറയിടുന്നു. 'റൊട്ടി-ബേട്ടി കാ രിഷ്ത' എന്ന പരമ്പരാഗത വിശേഷണത്താൽ അറിയപ്പെടുന്ന ഈ സൗഹൃദം, നേപ്പാളിലെ പുതിയ രാഷ്ട്രീയ നേതൃത്വത്തിന് കീഴിൽ സാമ്പത്തിക, ഊർജ്ജ, ഡിജിറ്റൽ മേഖലകളിലെ സംയോജനത്തിലേക്ക് കൂടുതൽ ശക്തമായി മുന്നേറുകയാണ്. ബാലേന്ദ്ര ഷായുടെ സന്ദർശനം ഉഭയകക്ഷി സഹകരണത്തിന് പുതിയ ഉണർവ് നൽകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K