Enter your Email Address to subscribe to our newsletters

jarusalem, 22 നവംബര് (H.S.)
ജറുസലേം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ തുടർച്ചയായ സഖ്യചർച്ചകൾക്ക് ക്ഷണിച്ച് യഷാർ പാർട്ടി ചെയർമാൻ ഗാഡി ഐസൻകോട്ട്. സാധ്യമായ ഏറ്റവും വിപുലമായ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച മുതലാണ് ചർച്ചകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇരുപാർട്ടികളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഐക്യസർക്കാർ രൂപീകരണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും നിലവിലെ നിയമനിർമ്മാണ അജണ്ടകൾ മരവിപ്പിക്കണമെന്നുമാണ് വലതുപക്ഷ പാർട്ടിയായ ലിക്കുഡ് ഐസൻകോട്ടിന്റെ സഖ്യത്തിന് മുന്നിൽ വെച്ചിരിക്കുന്ന പ്രധാന ഉപാധികൾ.
പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ലിക്കുഡ് പ്രതിനിധികളെ മാരത്തൺ ചർച്ചകൾക്ക് ക്ഷണിക്കാൻ പാർട്ടിയിലെ ചർച്ചാ സമിതിക്ക് നിർദ്ദേശം നൽകിയതെന്ന് യഷാർ പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. വിശാലാടിസ്ഥാനത്തിലുള്ള സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ, ഒരു ദേശീയ അടിയന്തര സർക്കാർ രൂപീകരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ഐസൻകോട്ട് നേരത്തെ എക്സിലൂടെ വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാർ രൂപീകരിക്കണോ അതോ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെയും ജനങ്ങളെയും വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടണോ എന്ന് പാർലമെന്റ് അംഗങ്ങൾ മനഃസാക്ഷിക്കനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നിലുള്ള തീരുമാനങ്ങൾ എളുപ്പമുള്ളതല്ലെങ്കിലും രാജ്യത്തിന്റെയും വരുംതലമുറയുടെയും ഭാവിക്കായി അത് അനിവാര്യമാണെന്നും ലഭിച്ചിരിക്കുന്ന ഈ അവസരം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നെതന്യാഹുവിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ പുതിയ സ്പീക്കറായി പ്രതിപക്ഷ സഖ്യത്തിലെ മറ്റൻ കഹാന തിരഞ്ഞെടുക്കപ്പെട്ടു. 120 അംഗ സഭയിൽ 66 വോട്ടുകൾ നേടിയാണ് ഐസൻകോട്ടിന്റെ സഖ്യകക്ഷിയായ കഹാന വിജയിച്ചത്. ജൂത പ്രതിപക്ഷ പാർട്ടികളും അറബ് പാർട്ടികളും കഹാനയെ പിന്തുണച്ചു. ഏഴ് മണിക്കൂറിലധികം നീണ്ട പ്രക്ഷുബ്ധമായ ചർച്ചകൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ, നെതന്യാഹുവിന്റെ സഖ്യം പിന്തുണച്ച ഒഫീർ കാറ്റ്സിന് 52 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മാറ്റത്തിന് അനുകൂലമായ കേവലഭൂരിപക്ഷത്തിന്റെ പ്രതിഫലനമാണ് പുതിയ സ്പീക്കറുടെ നിയമനമെന്ന് ഐസൻകോട്ട് പ്രതികരിച്ചു.
ആഴ്ചകൾക്ക് മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഇസ്രായേൽ പ്രസിഡന്റ് സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ടിനെ ചുമതലപ്പെടുത്തിയത്. സഖ്യകക്ഷികളെ കണ്ടെത്തി ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് ഇനി അഞ്ച് ആഴ്ചത്തെ സമയം കൂടി ബാക്കിയുണ്ട്. പ്രധാനമന്ത്രി പദവിക്ക് കാലാവധി നിശ്ചയിക്കുക, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിക്കുക, ജുഡീഷ്യറിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നിയമങ്ങൾ റദ്ദാക്കുക തുടങ്ങിയ സുപ്രധാന ബില്ലുകൾ ഐസൻകോട്ടിന്റെ സഖ്യം കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K