Enter your Email Address to subscribe to our newsletters

Patna, 22 നവംബര് (H.S.)
പട്ന: ബിഹാറിലെ വൈശാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'നിതീഷ് സേതു' പാലത്തിൽ ആർജെഡി (RJD) പ്രവർത്തകരുടെ വ്യാപക പ്രതിഷേധവും അക്രമവും. പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ പാലത്തിലേക്ക് ഇരച്ചുകയറിയ ആർജെഡി അനുഭാവികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിഹാർ മുഖ്യമന്ത്രിയുടെയും എൻഡിഎ (NDA) നേതാക്കളുടെയും പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറി നശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സംഭവം ഏകദേശം 40 മിനിറ്റോളം പ്രദേശത്ത് ഗതാഗത തടസ്സത്തിനും സംഘർഷാവസ്ഥയ്ക്കും കാരണമായി.
പാർട്ടി പതാകകളുമായി ബൈക്കുകളിലെത്തിയ നൂറുകണക്കിന് ആർജെഡി പ്രവർത്തകർ പാലത്തിലുടനീളം മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തുകയായിരുന്നു. ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും പിഴുതെറിയുകയും ചവിട്ടി നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാർ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
കച്ചി ദർഗയെയും ബിദുപൂരിനെയും ബന്ധിപ്പിച്ച് 4,280 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറുവരിപ്പാതയാണ് നിതീഷ് സേതു. വടക്കൻ ബിഹാറിനെയും തെക്കൻ ബിഹാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം മഹാത്മാഗാന്ധി സേതുവിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തേജസ്വി യാദവിന്റെ നിയമസഭാ മണ്ഡലമായ രാഘോപൂരിലൂടെയാണ് ഈ പാലം കടന്നുപോകുന്നത്.
പാലത്തിന്റെ പേരിനെച്ചൊല്ലിയുള്ള തർക്കമാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണം. സിഖ് മതസ്ഥാപകരിൽ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ പേര് പാലത്തിന് നൽകണമെന്ന് തേജസ്വി യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് നിതീഷ് സേതു എന്ന് പേരിട്ടതിനെതിരെ ആർജെഡി രംഗത്തെത്തിയിരുന്നു.
അതേസമയം, വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് ആർജെഡി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടത് വികസനവും പാലങ്ങളുമാണെന്നും പോസ്റ്ററുകൾ വലിച്ചുകീറുന്ന രാഷ്ട്രീയമല്ലെന്നും ബിജെപി വക്താവ് നീരജ് കുമാർ ശർമ്മ വിമർശിച്ചു. എന്നാൽ, നേരത്തെ തന്നെ ഉദ്ഘാടനം കഴിഞ്ഞ പാലം പേര് മാറ്റുന്നതിനായി വീണ്ടും കോടികൾ ചെലവഴിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും ആർജെഡി എംപി സുധാകർ സിംഗ് പ്രതികരിച്ചു.
---------------
Hindusthan Samachar / Roshith K