Enter your Email Address to subscribe to our newsletters

Kochi , 26 നവംബര് (H.S.)
പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗം ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല . മുൻപ് ജനപ്രതിനിധിയായി പ്രവർത്തിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള നിരുത്തരവാദപരമായ പരാമർശമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുസൂദനൻ നടത്തിയ പ്രസംഗത്തിൻ്റെ പൂർണരൂപം പൊലീസ് വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമനടപടി സ്വീകരിക്കും
നാട്ടിൽ ഇതുവരെ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും പരസ്യമായി ന്യായീകരിക്കുകയും, എതിരാളികളെയും മറ്റുള്ളവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു ജനപ്രതിനിധിയായിരുന്ന ആൾക്ക് ഒട്ടും യോജിച്ച നടപടിയല്ല. ഇത്തരം അക്രമോത്സുകമായ പ്രവണതകൾ ജനാധിപത്യ സംവിധാനത്തിൽ ഒരു രാഷ്ട്രീയ നേതാവിനും ഭൂഷണമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നിയമപരമായി എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നാട്ടിൽ കലാപാഹ്വാനം നടത്തുകയല്ല രാഷ്ട്രീയ പ്രവർത്തകരുടെയും മുൻ ജനപ്രതിനിധികളുടെയും ചുമതലയെന്നും മന്ത്രി ഓർമിപ്പിച്ചു. സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാനും കലാപം സൃഷ്ടിക്കാനും മാത്രമേ ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങൾ വഴിവെക്കുകയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് സിപിഎം ഉന്നത നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും, ഇത്തരം പ്രസ്താവനകളെ തള്ളിപ്പറയാൻ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ല. സംസ്ഥാനത്തെ ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസത്തിനനുസരിച്ച് ജനോപകാരപ്രദമായ വികസന, ക്ഷേമ നടപടികളുമായി സർക്കാർ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധുസൂദനൻ്റെ വിവാദ പരാമർശം
പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ പയ്യന്നൂരിൽ വച്ച് നടത്തിയ പ്രസംഗത്തിലാണ് മുൻ എംഎൽഎ മധുസൂദനൻ്റെ വിവാദ പരാമർശം. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് നാടിൻ്റെ ഭാഗ്യമാണെന്ന് മധുസൂദനൻ പ്രസംഗത്തിൽ പരിഹസിച്ചു. മഹ്മൂദ് ദർവീശിൻ്റെ കവിത ഉദ്ധരിച്ചായിരുന്നു ജഡ്ജിയുടെ വിധിപ്രസ്താവം. ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് ആ കവിതകളൊക്കെ ഉദ്ധരിക്കാമെന്നും തടവും ശിക്ഷയും നൽകി ഇടതുപക്ഷത്തിൻ്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാമെന്ന സങ്കല്പത്തോണിയിൽ സഞ്ചരിക്കാമെന്നും അദ്ദേഹം വിമർശിച്ചു. ഭരണകൂട താത്പര്യത്തിന് വേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്തുകയെന്ന നയം തന്നെയാണ് ജുഡീഷ്യറിയും നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള ഈ പ്രസംഗമാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR