Enter your Email Address to subscribe to our newsletters

Kochi , 29 നവംബര്‍ (H.S.)
ടൂറിസം വികസനത്തിന് ഗതാഗത പരിഷ്കാരങ്ങളും പത്തേമാരി ക്രൂസ് ടൂറിസവും അനിവാര്യമെന്ന്സ ന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് കൃത്യമായ കാഴ്ചപ്പാടും ആസൂത്രണവും അനിവാര്യമാണെന്നും, 2500 വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോടന്‍ 'പത്തേമാരികള്‍' (ഉരുക്കള്‍) ക്രൂസ് ടൂറിസത്തിനായി ഉപയോഗപ്പെടുത്തണമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. കേരളലൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂറിസം കണ്‍സോര്‍ഷ്യം (കെ.ടി.ടി.സി) സംഘടിപ്പിച്ച അഞ്ചാമത് 'തുഷാര്‍ 2026' മെഗാ ടൂറിസം ബി2ബി മീറ്റിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ 80 ശതമാനവും കൊച്ചി വഴിയാണ് എത്തുന്നത്. കൊച്ചി, മൂന്നാര്‍, തേക്കടി എന്നീ പരമ്പരാഗത സര്ക്യൂട്ടുകള്ക്കപ്പുറം മലബാര്‍ മേഖലയിലേക്കും വയനാട്ടിലേക്കും ടൂറിസം വ്യാപിപ്പിക്കുന്നതിന് അതിവേഗ ഗതാഗത സംവിധാനങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്.
അവധി ദിവസങ്ങളില്‍ മൂന്നാറില്‍ നേരിടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി, പള്ളിവാസല്‍ പോലുള്ള ബേസ് സ്റ്റേഷനുകളില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കി അവിടെനിന്ന് മാട്ടുപ്പെട്ടിയിലേക്കും മറ്റും കേബിള്‍ കാര്‍ സംവിധാനവും ഇലക്ട്രിക് വാഹനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 'ടൂറിസം വില്ലേജ്' മാതൃക നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
1980-കളില്‍ ഹൗസ് ബോട്ടുകള്‍ കേരള ടൂറിസത്തിന് നല്കിയ കുതിച്ചുചാട്ടം പോലെ, പത്തേമാരി ക്രൂസ് ടൂറിസത്തിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. ഖത്തറിലും മൊറോക്കോയിലും വരെ കേരളത്തില്‍ നിര്‍മ്മിച്ച ഉരുക്കള്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ ബേപ്പൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 10 മുതല്‍ 20 വരെ മുറികളുള്ള ആധുനിക പത്തേമാരി ടെര്‍മിനലുകള്‍ ആരംഭിച്ചാല്‍, രാത്രികാല യാത്രയിലൂടെ ബേക്കല്‍, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മുസിരിസ്, കൊച്ചി, ആലപ്പുഴ, കൊല്ലം, കോവളം എന്നീ തീരദേശ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കേരളത്തിന്റെ തനത് സംസ്കാരവും കലകളും ഭക്ഷണവൈവിധ്യവും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സാധിക്കും.
കൃത്രിമ നിര്മ്മിതികള്ക്കപ്പുറം കേരളത്തിന്റെ തനത് ജീവിതരീതിയാണ് സഞ്ചാരികള്‍ ആഗ്രഹിക്കുന്നതെന്നും, ജലപാതാ വികസനം, അതിവേഗ ഗതാഗതം തുടങ്ങിയ നയരൂപീകരണ ചര്‍ച്ചകളില്‍ കെ.ടി.ടി.സി സജീവമായി ഇടപെടണമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന് എം.പി, രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ ഹോട്ടലുകളുള്ളതും നിക്ഷേപകര്‍ക്ക് ഏറെ താല്‍പ്പര്യമുള്ളതുമായ നാടാണ് കേരളമെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ടൂറിസം പദ്ധതികള്‍ സംസ്ഥാനത്തേക്ക് വരുന്നുണ്ടെന്നും, ഫോര്‍ട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ (World Heritage Site) ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ തുഷാര്‍ ചെയര്മാന് ആസ്റ്റിന്‍ ബെന്നന്‍, കെ.ടി.ടി.സി പ്രസിഡന്റ് മനോജ് എം.വിജയന്, സെക്രട്ടറി സ്നോജ് മച്ചിങ്ങല്‍,ട്രഷറര്‍ ഡെന്നി ജോസ്, വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR