Enter your Email Address to subscribe to our newsletters

New delhi, 03 നവംബര്‍ (H.S.)
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സമരസ്ഥലങ്ങള്‍ ഒരുകൂട്ടര്‍ കയ്യേറിവച്ചാല് കര്‍ഷകരും തൊഴിലാളിസംഘടനകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം എവിടെപ്പോയി സമരം ചെയ്യുമെന്ന് സുപ്രീംകോടതി. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിനെതിരെ വ്യാപാരികള്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും മറ്റുള്ളവരോടും സുപ്രീം കോടതി മറുപടി തേടി. ഉത്സവ സീസണില്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കെതിരെ (സിഇസി) നടക്കുന്ന പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ നല്കിയ ഹര്‍ജിയില്‍, കേന്ദ്ര സര്‍ക്കാരിനോടും മറ്റ് കക്ഷികളോടും സുപ്രീം കോടതി മറുപടി ആരാഞ്ഞു. പ്രതിഷേധം നടക്കുന്ന സ്ഥലം 'എക്കാലത്തേക്കുമായി' കയ്യടക്കി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
രാംലീല മൈതാനത്തെ പ്രതിഷേധം കാരണം കച്ചവടം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് 'കിരാന കമ്മിറ്റി ഡല്‍ഹി'നല്കിയ ഹര്‍ജി ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 'ഒരു സ്ഥലം എക്കാലത്തേക്കുമായി കയ്യടക്കി വെക്കാന്‍ കഴിയില്ല. കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും എവിടെ പോകാന്‍ കഴിയും? എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധത്തിനായി നിശ്ചിത സമയവും കാലയളവും അനുവദിക്കേണ്ടതുണ്ട്' ചീഫ് ജസ്റ്റിസ് പറഞ്ഞു.
സമരത്തിന് ആഹ്വാനം ചെയ്തവര്‍ പ്രതിഷേധം മൂലമുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളോ സമാനമായ ഇടപെടലുകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രതിഷേധങ്ങള്‍ ഉത്സവസീസണെ സാരമായി ബാധിക്കുമെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ അമ്പത് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നും അവിടെയുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും ഇന്ന് കൊണാട്ട് പ്ലേസില്‍ ആരും തന്നെയില്ലെന്നും വ്യാപാരികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. പ്രതിഷേധിക്കുന്ന എല്ലാ സംഘടനകളെയും കക്ഷികളാക്കാതെ, ഈ വിഷയങ്ങളില്‍ ഒരു കോടതിക്കും തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വ്യാപാരികളുടെ ഹര്‍ജിക്ക് പുറമേ കൂട്ട അറസ്റ്റുകള്‍, പൊലീസിന്റെ ക്രൂരതകള്‍, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടല്‍, ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളും ഈ ബെഞ്ച് പരിഗണിക്കുന്നുണ്ട്. കച്ചവടം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് ഹര്‍ജി നല്കിയ വ്യാപാരി സംഘടനകളോട്, സിഇസിക്ക് എതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നവരെയും ഈ കേസില്‍ കക്ഷികളാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
---------------
Hindusthan Samachar / Sreejith S