Enter your Email Address to subscribe to our newsletters

Kochi, 03 നവംബര്‍ (H.S.)
കൊച്ചി . കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്ഥികള്ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല. 10 വിദ്യാര്‍ഥികള്‍ക്കാണ് നാളെ മുതല്‍ തുടങ്ങുന്ന പരീക്ഷ എഴുതാന്‍ കഴിയാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലറാണ് അപ്പീല്‍ നല്‍കിയത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്. 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് ഇന്ന് 65 ദിവസമാവുകയാണ്. മാപ്പ് എഴുതി നല്‍കിയാല്‍ 12 വിദ്യാര്‍ഥികളുടേയും സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിന്‍ഡിക്കറ്റ് തീരുമാനം. മാപ്പ് എഴുതി നല്‍കി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിന്‍ഡിക്കറ്റിനു മുന്നില്‍ വച്ച റിപ്പോര്‍ട്ടിലുള്ളത്.
ശ്യാംജിത്ത്, ശ്രദ്ധ, കെ.വി. അഭിജിത്ത്, പി.എസ്. അര്ച്ചന എന്നിവരാണ് സസ്‌പെന്ഷനില് തുടരുക. ഇവരുടെ സസ്‌പെന്ഷന് കാലാവധി രണ്ടുമാസത്തേക്ക് നീട്ടി. ശ്യാംജിത്ത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും അര്ച്ചന യൂണിറ്റ് പ്രസിഡന്റുമാണ്. ഓണ്‌ലൈനായാണ് സിന്ഡിക്കേറ്റ് യോഗം ചേര്ന്നത്.
ഓഗസ്റ്റ് 13-ന് ചേര്ന്ന സിന്ഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ അക്രമസംഭവങ്ങളേത്തുടര്ന്ന് സസ്‌പെന്ഷനിലായ 16 വിദ്യാര്ഥികളും സംഭവത്തില് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അച്ചടക്കസമിതി കണ്വീനറും സിന്ഡിക്കേറ്റ് അംഗവുമായ അഡ്വ. കെ.ബി. സാബു പറഞ്ഞു. സസ്‌പെന്ഷനിലായ വിദ്യാര്ഥികള്ക്ക് പരീക്ഷയെഴുതേണ്ട സാഹചര്യം കോടതിയുടെ പരിഗണനയിലായതിനാല് യോഗം ചര്ച്ചചെയ്തില്ല. സിന്ഡിക്കേറ്റ് തീരുമാനങ്ങളില് വിയോജിപ്പ് രേഖപ്പെടുത്തി പ്രേംകുമാര് എം.എല്.എ. ഓണ്‌ലൈന് യോഗത്തില്‌നിന്നും പുറത്തുപോയി.
അതേസമയം മുഴുവന് വിദ്യാര്ഥികളുടെയും സസ്‌പെന്ഷന് പിന്വലിക്കാത്ത സാഹചര്യത്തില് സര്വകലാശാല കാമ്പസിനുമുന്നില് നിരാഹാരസമരവുമായി മുന്നോട്ടു പോകാനാണ് എസ്.എഫ്.ഐ.യുടെ തീരുമാനം. തിരിച്ചെടുക്കാനായി ആരും മാപ്പപേക്ഷ നല്കില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S