Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 നവംബര്‍ (H.S.)
എസ്എഫ്‌ഐ മുന്‍നേതാവിന് 'ഡിവൈഎസ്പി സ്പെഷ്യല് റിക്രൂട്ട്മെന്റ്' നിയമന തട്ടിപ്പ് പരാതി ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി അന്വേഷിക്കും. ഇവരുടെ നേതൃത്വത്തില്‍ തന്നെയാണ് പിഎസ്സി നിയമന തട്ടിപ്പുകള്‍ അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍. എസ്. ശശികുമാര്‍ നല്‍കിയ പരാതി എസ്ഐടിക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു.
മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിനെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി നിയമനം നല്‍കാനുള്ള പബ്ലിക് സര്‍വീസ് കമ്മിഷന്റെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍. എസ്. ശശികുമാര്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആരോപണ വിധേയനായ പിഎസ്സി ചെയര്‍മാന്‍ എം. ആര്‍. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയില്‍ പറയുന്നു.
എറണാകുളത്തെ എസ്എഫ്‌ഐ നേതാവായ കെ. ജെ. ജിതിനെയാണ് സ്പെഷ്യല്‍ റിക്രൂട്ടുമെന്റിലൂടെ നിയമിക്കാന്‍ പിഎസ്സി തിരുമാനിച്ചത്. ബികോമിന് ഗ്രേസ് മാര്‍ക്ക് ലഭിച്ചതുകൊണ്ടുമാത്രം പാസായ കെ. ജെ. ജിതിന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ മെയിന്‍ ലിസ്റ്റില്‍ പോലും ഇടം പിടിക്കാതെയിരുന്നയാളാണ്. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്നതിന് തൊട്ടുമുമ്പ് വളരെ ധൃതിപിടിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ നിയമിക്കാന്‍ പിഎസ്സി ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
17,392 പേരാണ് ഈ പോസ്റ്റലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബര്‍ 10 ആയിരുന്നു. എഴുത്തുപരീക്ഷ നടത്തിയത് 2025 ഡിസംബര്‍ 31 നും കായിക ക്ഷമതാ പരീക്ഷ 2026 മാര്‍ച്ച് 16നാണ് നടത്തിയത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2026 ഏപ്രില്‍ 22ന് അഭിമുഖവും മെയ് ആറിന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇത്രയേറേ തിടുക്കത്തില്‍ ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയത് ഇടതുസര്‍ക്കാരിന്റെ കാലാവധി കഴിയും മുമ്പ് ഇയാള്‍ക്ക് നിയമനം നല്‍കണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണെന്നും നിരവധി ക്രമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനം നല്‍കുന്നത് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവുമാണെന്നും പരാതിയില്‍ പറയുന്നു.
എസ്എഫ്ഐ നേതാവ് ജിതിന് പുറമേ ഇടുക്കി ജില്ലയിലെ ജെ. സങ്കീര്‍ത്തനയെയും ഡിവൈഎസ്പി നിയമത്തിന് പിഎസ്സി ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ നിയമപ്രകാരമുള്ള പൊലീസ് ട്രെയിനിങ്ങിന് ഇവര്‍ക്ക് അനുമതി നല്‍കുകയുള്ളൂ. അതിനിടെ നിയമനം ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S