പഞ്ചാബിൽ ആം ആദ്മി പാർട്ടി എം.എൽ.എ അമൻദീപ് കൗർ അറോറയുടെ വസതികളിൽ ഇ.ഡി റെയ്ഡ്; നടപടി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ
Chandighad, 04 നവംബര് (H.S.) ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പ്രമുഖ വനിതാ നേതാവും മോഗ മണ്ഡലത്തിലെ എം.എൽ.എയുമായ ഡോ. അമൻദീപ് കൗർ അറോറയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തി. 2027-ൽ നടക്കാന
പഞ്ചാബിൽ ആം ആദ്മി പാർട്ടി എം.എൽ.എ അമൻദീപ് കൗർ അറോറയുടെ വസതികളിൽ ഇ.ഡി റെയ്ഡ്; നടപടി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ


Chandighad, 04 നവംബര് (H.S.)

ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പ്രമുഖ വനിതാ നേതാവും മോഗ മണ്ഡലത്തിലെ എം.എൽ.എയുമായ ഡോ. അമൻദീപ് കൗർ അറോറയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തി. 2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എ.എ.പിയുടെ സ്ഥാനാർഥി പട്ടികയിൽ ഡോ. അമൻദീപിന്റെ പേര് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഈ നിർണായക നീക്കം.

ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘം മോഗയിലെ ഐക്കൺ ഫ്ലാറ്റ്സ് ഉൾപ്പെടെയുള്ള എം.എൽ.എയുടെ രണ്ട് വസതികളിലും ഒരേസമയം റെയ്ഡ് ആരംഭിച്ചത്. പരിശോധന ആരംഭിക്കുമ്പോൾ ഡോ. അമൻദീപ് കൗർ വസതിയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്യുകയും വിവിധ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച ഫയലുകൾ പരിശോധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന കാര്യത്തിൽ ഇ.ഡി ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് കൂടിയായ ഡോ. അമൻദീപ് കൗർ അറോറക്കെതിരെയുള്ള ഇ.ഡി നടപടിയെ പാർട്ടി ശക്തമായി അപലപിച്ചു. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വേട്ടയാടുകയാണെന്നും എ.എ.പി നേതൃത്വം കുറ്റപ്പെടുത്തി.

മോഗ മണ്ഡലത്തിൽ ബി.ജെ.പിക്കോ ശിരോമണി അകാലിദളിനോ ജനപിന്തുണയുള്ള ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇത്തരം റെയ്ഡുകൾ നടത്തുന്നതെന്ന് എം.എൽ.എയുടെ അടുത്ത അനുയായികൾ ആരോപിച്ചു. ബി.ജെ.പിയിലോ അകാലിദളിലോ ചേരാൻ സമ്മർദം ചെലുത്താനാണ് കേന്ദ്രം ഇ.ഡിയെ ഇറക്കി ഭീഷണിപ്പെടുത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി എ.എ.പി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ മോഗയിൽ നിന്നും സിറ്റിംഗ് എം.എൽ.എയായ ഡോ. അമൻദീപിന് വീണ്ടും സീറ്റ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നടപടി. പഞ്ചാബ് രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ ഭരണപക്ഷവും കേന്ദ്രസർക്കാരും തമ്മിലുള്ള പുതിയ വാക്പോരുകൾക്ക് ഈ സംഭവം വഴിതുറക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News