സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Thiruvananthapuram , 04 നവംബര് (H.S.) കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ
മഴ മുന്നറിയിപ്പ്


Thiruvananthapuram , 04 നവംബര് (H.S.)

കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ നാല് മുതൽ എട്ട് വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

തെലങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിലായി തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കോട്ട് നീങ്ങി അടുത്ത ആറു മണിക്കൂറിനുള്ളിൽ ശക്തി കുറയാനാണ് സാധ്യത

ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിലും തെക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നവംബർ നാല്, ആറ്, ഏഴ്, എട്ട് തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

നവംബർ നാലിന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ആറിന് ഇടുക്കി, എറണാകുളം ജില്ലകളിലും ഏഴിന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും എട്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അതേസമയം, ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

നവംബർ നാല് മുതൽ എട്ട് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News