Enter your Email Address to subscribe to our newsletters

New delhi, 04 നവംബര് (H.S.)
ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥി നേതാക്കളുടെ ദേശീയ സംഗമം ഡൽഹിയിൽ സംഘടിപ്പിച്ചു. ‘അരാജകത്വം അവസാനിപ്പിക്കൂ, ജനാധിപത്യം സ്വീകരിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ ഡൽഹി, പഞ്ചാബ്, ലഡാക്ക്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.
ഭാരതത്തിൻ്റെ ജനാധിപത്യത്തിന്റെ ശക്തി നിലകൊള്ളുന്നത് ജനവിധിയിലും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലുമാണെന്ന് ചടങ്ങിൽ സംസാരിച്ച എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. തെരുവ് സമ്മർദ്ദത്തിലൂടെയോ അരാജകത്വത്തിലൂടെയോ അല്ല, ജനങ്ങളുടെ വോട്ടുകളിലൂടെയാണ് സർക്കാരുകൾ രൂപീകരിക്കപ്പെടേണ്ടത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ഭരണഘടനാ സ്ഥാപനങ്ങളിലും അവിശ്വാസം വളർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. പരാതികളും വിയോജിപ്പുകളും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാതെ ഭരണഘടനാപരമായ വേദികളിലാണ് ഉന്നയിക്കേണ്ടത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലെയും നേപ്പാളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് മാതൃകയാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പസുകളിൽ പോസിറ്റീവായ മാറ്റങ്ങളും ദേശീയ ഐക്യവും ജനാധിപത്യ അന്തരീക്ഷവുമാണ് രാജ്യത്തെ യുവാക്കൾ ആഗ്രഹിക്കുന്നതെന്ന് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റ് യാഷ് ദബാസ് പറഞ്ഞു
ഇന്നത്തെ സംഗമം ജനാധിപത്യത്തിലുള്ള യുവ ഇന്ത്യയുടെ വിശ്വാസത്തിന്റെ തെളിവാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് ക്യാമ്പസുകളിൽ ആരോഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷവും സംവാദങ്ങളും വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. സർവകലാശാലകൾ ഭാവി നേതൃത്വത്തെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാർത്ഥി ശക്തി നിലകൊള്ളുന്നത് അച്ചടക്കത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടിയാണ്, അരാജകത്വത്തിനല്ല എന്ന് എബിവിപി ദില്ലി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മയ പറഞ്ഞു
ഡി.യു.എസ്.യു സെക്രട്ടറി റിയ ഛാവ്ഡി, ജോയിന്റ് സെക്രട്ടറി ലക്ഷ്യ രാജ് സിംഗ്, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അങ്കിത് ഭിഡാൻ, മുൻ പ്രസിഡന്റ് ഗൗരവീർ സോഹൽ, ഡെറാഡൂൺ ഡി.എ.വി പി.ജി കോളേജ് പ്രസിഡന്റ് നവ്ദീപ് റാണ, ഉത്കൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് അഭിറാം, ഗൗഹാത്തി യൂണിവേഴ്സിറ്റി പ്രസിഡന്റ് മാനസ് പ്രതിം കലിത, മുൻ ജെ.എൻ.യു.എസ്.യു നേതാവ് വൈഭവ് മീന തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S