Enter your Email Address to subscribe to our newsletters

Kozhikkode, 04 നവംബര്‍ (H.S.)
ബി.എല്‍.എം സാമ്പത്തിക തട്ടിപ്പ് കേസില്‍ നടപടി ശക്തമാക്കി ഇഡി. കേരളത്തിലും തമിഴ്നാട്ടിലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന നടക്കുകയാണ്. ബി.എല്‍.എം സ്ഥാപകനും സി.എം.ഡിയുമായ ആര്. പ്രേംകുമാറുമായി ബന്ധപ്പെട്ട 11 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. നിക്ഷേപകരില്‍ നിന്നായി സമാഹരിച്ച 5000 കോടിയോളം രൂപ വകമാറ്റിയെന്ന പരാതിയിലാണ് നടപടി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ക്ക് പുറമെ തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ബി.എല്‍.എം ആസ്ഥാനത്തും മറ്റ് ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം പാറ്റൂരില്‍ പ്രേംകുമാറിന്റെ ഭാര്യ പ്രഭാ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ള വിവിന് സ്യൂട്ട്സ് എന്ന ഹോട്ടലിലും ഇ.ഡി സംഘം പരിശോധന നടത്തി. രാവിലെ എട്ട് മണിയോടെയാണ് അന്വേഷണ സംഘം ഹോട്ടലില്‍ എത്തിയത്. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് കേന്ദ്ര ഏജന്‍സിയുടെ പരിശോധന പുരോഗമിക്കുന്നത്.
2024ലാണ് എട്ട് കോടി 56 ലക്ഷം രൂപയ്ക്ക് വിവിന് സ്യൂട്ട്സ് ഹോട്ടല്‍ പ്രഭാ പ്രേംകുമാറിന്റെ പേരിലേക്ക് വാങ്ങിയത്. മുന്‍ ഉടമയ്ക്ക് കെ.എസ്.എഫ്.ഇയിലുണ്ടായിരുന്ന നാല് കോടി രൂപയുടെ കടബാധ്യത തീര്‍ത്തതിന് ശേഷമാണ് ബാക്കി തുക നല്കി ഹോട്ടല്‍ സ്വന്തമാക്കിയത്. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം ഉപയോഗിച്ചാണ് ഈ ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സൊസൈറ്റിയുടെ ആവശ്യങ്ങള്‍ക്കായി സമാഹരിച്ച പണം പ്രേംകുമാര്‍ തന്റെ ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു.
ഇതിന് പുറമെ മറ്റ് വന്‍കിട ഇടപാടുകളും പ്രേംകുമാര്‍ നടത്തിയിട്ടുണ്ട്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയറ്റര്‍ ബ്രിയോസ് ഫിന്‍വെസ്റ്റ് എന്ന സ്ഥാപനത്തില്‍ പണയം വച്ചെങ്കിലും, ഇതില്‍ നിന്നുള്ള തുക സൊസൈറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഭാര്യയുടെ പേരില്‍ 500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
ബി.എല്‍.എം സൊസൈറ്റിയില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വഞ്ചനയ്ക്ക് ഇരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളും പെന്‍ഷന്‍കാരുമാണ്. പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പ്രേംകുമാറിനെതിരെയുള്ള പ്രധാന ആരോപണം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെയും പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് റെയ്ഡ് തുടരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് സൂചന.
---------------
Hindusthan Samachar / Sreejith S