കിന്ഫ്ര ക്രമക്കേട്; എംഡി സന്തോഷ് കോശിയുടെ നിയമനത്തിലേക്കും വിജിലന്സ് അന്വേഷണം
Keralam, 04 നവംബര്‍ (H.S.) കൊച്ചി: വ്യവസായ പദ്ധതികള്‍ക്കായി കിന്‍ഫ്ര സ്ഥലമേറ്റെടുത്തതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിക്കുന്നു. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസിന്റെ നിയമന രേഖകള്‍ കൂടി വിജിലന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടിര
vigilance


Keralam, 04 നവംബര്‍ (H.S.)

കൊച്ചി: വ്യവസായ പദ്ധതികള്‍ക്കായി കിന്‍ഫ്ര സ്ഥലമേറ്റെടുത്തതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിക്കുന്നു. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസിന്റെ നിയമന രേഖകള്‍ കൂടി വിജിലന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടുക്കി സ്‌പൈസ് പാര്‍ക്ക് സംബന്ധിച്ച അന്വേഷണത്തിലാണ് വിജിലന്‍സിന്റെ നടപടി. അതേസമയം സന്തോഷ് കോശി തോമസിന് എംഡി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കാനുള്ള വ്യവസായ വകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ഇടുക്കി മുട്ടത്ത് സ്ഥാപിക്കുന്ന കിന്‍ഫ്ര സ്‌പൈസ് പാര്‍ക്കിനായി ഭൂമി ഏറ്റെടുത്തതില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നുവെന്ന പരാതിയില്‍ വിജിലന്‍സിന്റെ കോട്ടയം ഈസ്റ്റേണ്‍ റേഞ്ചാണ് അന്വേഷണം നടത്തുന്നത്. മുട്ടത്ത് കിന്‍ഫ്രക്ക് ഭൂമി വിറ്റവര്‍ക്ക് ലഭിച്ച പണത്തില്‍ നിന്ന് പത്ത് ശതമാനം വീതം ചെക്ക് മുഖേന കമ്മീഷനായി സന്തോഷ് കോശി തോമസ് കൈപ്പറ്റിയെന്നാണ് ആരോപണം.

തിങ്കളാഴ്ച കിന്‍ഫ്ര എംഡിക്ക് വിജിലന്‍സ് നല്‍കിയ നോട്ടീസില്‍ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സന്തോഷ് കോശി തോമസിന്റെയും ജനറല്‍ മാനേജര്‍ ടി. ഉണ്ണികൃഷ്ണന്റെയും നിയമന രേഖകള്‍ ഹാജരാക്കണം. മുട്ടത്ത് ഭൂമി ഏറ്റെടുക്കാനുള്ള ചുമതല ഇരുവര്‍ക്കും നല്‍കിയതിന്റെയും ഉത്തരവുകള്‍ ഹാജരാക്കണം.

ഭൂമി ഏറ്റെടുക്കലിലെ അഴിമതിക്കൊപ്പമാണ് സന്തോഷ് കോശി തോമസിന്റെ നിയമനവും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലേക്ക് വരുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് സന്തോഷ് കോശി തോമസിനെ കിന്‍ഫ്ര എംഡിയെന്ന സുപ്രധാന പദവിയില്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചതെന്ന പരാതി നേരത്തേയുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് സന്തോഷ് കോശി തോമസ് എംഡി പദവിയില്‍ ഏഴുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും കാലാവധി നീട്ടാനാണ് വ്യവസായ വകുപ്പിന്റെ താത്പര്യം.

കാലാവധി നീട്ടാനുള്ള വ്യവസായ വകുപ്പിന്റെ ശിപാര്‍ശ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും ഇതുവരെ തീരുമാനം വന്നിട്ടില്ല. അതിനിടെയാണ് കിന്‍ഫ്ര എംഡിയുടെ നിയമനം വിജിലന്‍സ് പരിശോധിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News