Enter your Email Address to subscribe to our newsletters

Kozhikkode, 04 നവംബര്‍ (H.S.)
പയ്യോളി പോക്സോ കേസില്‍ ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. പ്രതിയായ അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പോലീസാണ് കസ്റ്റഡിയിലെടുത്തത്. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പയ്യോളിയില്‍ 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി അബ്ദുള്‍ റഫീഖ് അറസ്റ്റിലാവാതെ ജാമ്യത്തിലിറങ്ങിയ സംഭവം വലിയ വിവാദമായിരുന്നു
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുല്‍ റഫീഖ് ഒരു ദിവസം പോലും പോലീസ് കസ്റ്റഡിയിലാകാതെ പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും നിഷ്‌ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയതെന്നുമാണ് ഉയര്‍ന്ന ആരോപണം. വിവാദം കത്തിയതോടെ പോലീസുകാര്‍ക്കെതിരെ നടപടിയും വന്നിരുന്നു. സിഐ ബാബുമോന്‍, സിപിഒ അബ്ദുള്‍ ഹമീദ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടില്‍ വെച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുല്‍ റഫീഖ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഇതിന് കൂട്ടുനിന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടു വര്‍ഷത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. കുട്ടി പഠനത്തില്‍ ഏറെ പിന്നോക്കം പോയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.
സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തു മാസം മുന്‍പ് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസില്‍ അബ്ദുല്‍ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ ഒന്നാം പ്രതിയായ അബ്ദുല്‍ റഫീഖ് ഇതിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
ഇയാള്‍ക്കെതിരെ അബ്‌സ്‌കൗണ്ടിങ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി ഉള്‍പ്പെടെ രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും അപ്പോള്‍ തന്നെ കൈയോടെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു പോലീസ് കുടുംബത്തിന് നല്‍കിയ ഉറപ്പ്. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടില്‍ തിരിച്ചെത്തിയിട്ടും പയ്യോളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിനെതിരെ പ്രതി പെറ്റീഷന്‍ നല്‍കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S