Enter your Email Address to subscribe to our newsletters

New delhi, 04 നവംബര്‍ (H.S.)
ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്റേതായി സൃഷ്ടിച്ച വ്യാജ വീഡിയോ പങ്കുവെച്ചതിന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കേസ്. ഇന്ത്യയെ വിമര്‍ശിക്കുന്ന തരത്തിലുള്‌ല വ്യാജ വീഡിയോയാണ് പ്രശാന്ത് ഭൂണ്‍ ഷെയര്‍ ചെയ്തത്. റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉപദേശം നല്‍കിയതിനെ റഷ്യന്‍ വിദേശകാര്യ മന്ത്രി വിമര്‍ശിക്കുന്നതായി കാണിക്കുന്ന വ്യാജ വീഡിയോ ആയിരുന്നു. ക്വോട്ട് ന്യൂസ് എന്ന എക്സ് അക്കൗണ്ടില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഡല്‍ഹി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രശാന്ത് ഭൂഷണ്‍ കൃത്രിമം കാട്ടിയ വീഡിയോയാണ് പങ്കുവെച്ചതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
പ്രശാന്ത് ഭൂഷണ്‍ ഈ വീഡിയോ തന്റെ എക്സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇതിന്റെ വസ്തുത പരിശോധിക്കുകയും ഇതൊരു വ്യാജ വീഡിയോയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 'ഇന്ത്യയ്ക്ക് നേരെ റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ശക്തമായ പ്രഹരം. ജയശങ്കര്‍ ഇന്ത്യയ്ക്ക് എന്ത് തരത്തിലുള്ള ഉപദേശമാണ് നല്‍കിക്കൊണ്ടിരുന്നത്?' എന്ന കുറിപ്പോടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ വീഡിയോ പങ്കുവെച്ചത്.
തുടര്‍ന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെയും റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയെയും വിമര്‍ശിച്ചുസംസാരിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടോ എന്ന് പതിവ് സൈബര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വീഡിയോ കണ്ടെത്തിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം സ്‌പെഷ്യല്‍ സെല്ലിന്റെ ന്യൂഡല്‍ഹി റേഞ്ചിലാണ് പ്രശാന്ത് ഭൂഷണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു വ്യാപാര പങ്കാളി മാത്രമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പറയുന്നതായി കൃത്രിമം കാട്ടിയ ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. 'ഈ വാണിജ്യ ബന്ധം ഇന്ത്യയ്ക്ക് ഞങ്ങളുടെ വിദേശനയത്തില്‍ ഇടപെടാനോ, റഷ്യ, യുക്രൈന്‍, അല്ലെങ്കില്‍ യു.എസ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞങ്ങളെ ഉപദേശിക്കാനോ ഉള്ള അവകാശം നല്‍കുന്നില്ല. ഇന്ത്യ ഞങ്ങളുടെ സഖ്യകക്ഷിയുമല്ല, ഒരു മഹാശക്തിയുമല്ല', എന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്‍ പറയുന്നതായാണ് വ്യാജ വീഡിയോയിലുളളത്.
അറ്റ്ലാന്റയില്‍ വച്ച് ഒക്ടോബര്‍ 31-ന് നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. 'റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി യുക്രൈന്‍ സംഘര്‍ഷം, ഗള്‍ഫ് മേഖലയിലെ സാഹചര്യം, മറ്റ് ബഹുമുഖ വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു', എന്ന് ജയശങ്കര്‍ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S