Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 നവംബര്‍ (H.S.)
തിരുവനന്തപുരം: പി.എസ്.സിക്കെതിരായ മുന്‍ ഗവര്‍ണറുടെ നീക്കം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്ത മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ മാത്രം തീരുമാനമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം തന്നിഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ ഈ നീക്കം പി.എസ്.സിയിലെ ക്രമക്കേടുകള്‍ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ഇത്തരം സുപ്രധാന വിഷയങ്ങളില്‍ ഇടപെടുന്നത്. ഗവര്‍ണറുടെ ശിപാര്‍ശ ചൂണ്ടിക്കാട്ടി പി.എസ്.സി അംഗങ്ങളെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്.
പി.എസ്.സിയില്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്നത്. സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയും അനധികൃതമായി തിരുകിക്കയറ്റിയതിലൂടെ രാപകല്‍ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് വഞ്ചിച്ചത്. പി.എസ്.സി പരീക്ഷകള്‍ക്കായി പരിശീലനം നേടുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളെയാണ് ഈ അഴിമതിയിലൂടെ ഇല്ലാതാക്കിയത്. ഇത്തരം ക്രമക്കേടുകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഈ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ല.
പി.എസ്.സി ചെയര്‍മാനെതിരെ നടപടിയെടുക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മറുപടി നല്കി. അന്വേഷണം ഊര്‍ജിതമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പരാതികളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ പരാതി നല്കാന് ഭയപ്പെട്ടിരുന്നവര്‍ പോലും ഇപ്പോള്‍ മുന്നോട്ടുവരുന്നുണ്ട്. ഈ പരാതികളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ യോഗത്തില്‍ എടുത്ത മറ്റൊരു പ്രധാന തീരുമാനവും മുഖ്യമന്ത്രി വിശദീകരിച്ചു. ചട്ടവിരുദ്ധമായി പ്രൊമോഷന് ലഭിച്ച അഞ്ച് ഉദ്യോഗസ്ഥരുടെ കാര്യത്തിലായിരുന്നു തീരുമാനം. ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്ന് ക്ലാര്‍ക്ക് തസ്തികയിലേക്ക് ചട്ടവിരുദ്ധമായി പ്രൊമോഷന് നല്കിയ നടപടി കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവരെ പഴയ തസ്തികയിലേക്ക് തന്നെ മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ അഞ്ച് പേരെയും സര്‍വീസില്‍ നിലനിര്‍ത്തുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ ജീവനക്കാരുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S