Enter your Email Address to subscribe to our newsletters

Ghaziabad, 05 നവംബര്‍ (H.S.)
രാജ്യത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് തടസം സൃഷ്ടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തുടനീളം ബി.ജെ.പി സംഘടിപ്പിക്കുന്ന 'ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ' പദയാത്രകള്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചനകള്‍ തുറന്നുകാട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസിയാബാദില്‍ പദയാത്രയ്ക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പദയാത്രകളുടെ ഭാഗമായി നൂറിടങ്ങളില്‍ പരിപാടികള്‍ വിജയകരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള വിനോദ് താവ്ഡെയും ചടങ്ങില്‍ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും എന്നാല്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഈ മുന്നേറ്റം ഇഷ്ടമല്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. വികസിത ഇന്ത്യയിലേക്കുള്ള യാത്രയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസിനെയും അതിന്റെ പിണിയാളായി മാറിയ സമാജ്വാദി പാര്‍ട്ടിയെയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ , തിരഞ്ഞെടുപ്പ് കമ്മീഷന്, എസ്.ഐ.ആര് എന്നിവയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ യോഗി ആദിത്യനാഥ് പരിഹസിച്ചു. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ പരാതികളൊന്നുമില്ലാത്ത കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ പരാതിയില്ലാത്തവര്‍ തോല്‍ക്കുമ്പോള്‍ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരീക്ഷകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും സ്വന്തം പ്രകടനത്തിലെ പോരായ്മകള്‍ക്ക് ഒഴികഴിവുകള്‍ കണ്ടെത്തുകയും ചെയ്യുന്ന വിദ്യാര്‍ഥിയോടാണ് മുഖ്യമന്ത്രി ഉപമിച്ചത്.
കോണ്‍ഗ്രസിന്റെ ഈ പ്രവണത ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമായെന്നും അഴിമതി നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ജനപിന്തുണ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ്, വളം, 2ജി, കല്‍ക്കരി അഴിമതികള്‍ ഉള്‍പ്പെടെ നിരവധി അഴിമതികളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S