കേരളത്തെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
Thiruvanathapuram, 05 നവംബര്‍ (H.S.) കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ഒരു മാസത്തിനകം സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. നൂറിലധികം കുട്ടികള
VD Satheeshan


Thiruvanathapuram, 05 നവംബര്‍ (H.S.)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ഒരു മാസത്തിനകം സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി & എച്ച് എസ് എസ് ഫോർ ഗേൾസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്കായി പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോയ്‌ലറ്റുകളും നിർബന്ധമാക്കിയ രീതിയിൽ, ഇനി സംസ്ഥാനത്തെ എല്ലാ പൊതുവിടങ്ങളിലും എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുളള ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഡാറ്റ ശേഖരിക്കുകയും അത് തുടർച്ചയായി പുതുക്കുകയും ചെയ്യും. ഭിന്നശേഷിക്കുട്ടികളുടെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി തടസ്സമാവില്ല. മുൻഗണന നൽകി ഖജനാവിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കും.

ഭിന്നശേഷി ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60 മുതൽ 70 ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താനും കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഇതിനായി ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരും. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യാതൊരു ആകുലതയും വേണ്ടതില്ലെന്നും കേരളം ഈ മക്കളെ ചേർത്തുനിർത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ഭിന്നശേഷിക്കുട്ടികൾ ആരുടെയും പിന്നിലല്ല എന്ന് പൊതുസമൂഹത്തോട് ഉറക്കെ പ്രഖ്യാപിക്കുന്ന വലിയൊരു വേദിയാണ് ഈ കലോത്സവം. അടുത്ത കലോത്സവം മുതൽ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കുട്ടികളെകൂടി പങ്കാളികളാക്കി മേള കൂടുതൽ വിപുലീകരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നതിനേക്കാൾ ഈ വേദിയിൽ എത്തി പരിപാടി അവതരിപ്പിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാപരമായ, സാഹിത്യപരമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളാണ് കലോത്സവങ്ങളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. കലയ്ക്ക് പരിമിതികളില്ല. ഭിന്നശേഷിക്കാർക്ക് ശാരീരികമായ പരിമിതികൾ ഉണ്ടെങ്കിലും അവരുടെ സ്വപ്നങ്ങൾക്കും ഭാവനകൾക്കും ചിന്തകൾക്കും ഒരു വിധത്തിലുള്ള പരിമിതികളില്ല. അത് ലോകം തെളിയിച്ചിട്ടുണ്ടെന്നും അധ്യക്ഷപ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ പതാക ഉയർത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിയും ഭിന്നശേഷി കമ്മിഷണർ ഡോ. പി റ്റി ബാബുരാജും ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ എൻ എസ് കെ ഉമേഷ്, എസ്‌സിഇആർടി ഡയറക്ടർ ഡോ. കെ കെ മഷൂദ്, കൈറ്റ് സിഇഒ ഡോ. കെ അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News