Enter your Email Address to subscribe to our newsletters

New delhi, 05 നവംബര്‍ (H.S.)
ന്യൂഡല്‍ഹി: പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നതിലും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുമുള്ള സമപരിധിയില് വ്യക്തത വരുത്തി സുപ്രീം കോടതി. പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള 24 മണിക്കൂര്‍ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതല്‍ അല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സമയപരിധി നഇശ്ചയിക്കുക കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ് ചന്ദൂര്‍കര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലാണ് 24 മണിക്കൂര്‍ സമയപരിധി ആരംഭിക്കുന്നതെന്ന നിലപാട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(2)നും ബിഎന്‍എസ്എസിലെ 56-ാം വകുപ്പിനും എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അന്വേഷണത്തിനോ മറ്റു നടപടികള്‍ക്കോ എടുക്കുന്ന സമയം ഭരണഘടനാപ്രകാരം ഇളവ് നല്‍കുന്നില്ല. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഭരണഘടന നല്കുന്ന ഒരേയൊരു ഇളവെന്നും കോടതി വ്യക്തമാക്കി.
ചെറിയൊരു കാലയളവിലേക്കുള്ള കസ്റ്റഡി അറസ്റ്റ് അല്ലെന്ന നിലപാടിനോട് കോടതി വിയോജിച്ചു. മൗലികാവകാശത്തിന് താല്‍ക്കാലിക സസ്പെന്ഷന് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാര്‍ രേഖപ്പെടുത്തണമെന്നും, അത്തരം കസ്റ്റഡി സമയം മുതല്‍ 24 മണിക്കൂര്‍ എന്ന പരിധി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തമ്മില്‍ കൃത്രിമമായ ഒരു വേര്‍തിരിവ് ഉണ്ടാക്കാനുള്ള ഏത് ശ്രമവും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
വിവിധ കേസുകളില്‍ ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികള്‍ എടുത്ത നിലപാടുകളെ കോടതി വിയോജിപ്പോടെ തള്ളിക്കളഞ്ഞു. കസ്റ്റഡി കാലയളവ് ഭരണഘടനയുടെ 22-ാം അനുച്ഛേദപ്രകാരമുള്ള 24 മണിക്കൂര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാവുന്നതാണെന്നാണ് ഈ കോടതികള്‍ വിധിച്ചിരുന്നത്. ഭരണഘടനയുടെ 22(2)ാം അനുച്ഛേദപ്രകാരം ഈ വിധികളൊന്നും ശരിയായ നിയമമല്ലെന്ന് കോടതി വ്യക്തമാക്കി.
എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള കേസില്‍ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് നാലുപേര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു കോടതി. 2025 സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ 2025 സെപ്റ്റംബര്‍ 30-ന് രാവിലെ 11 മണിക്ക് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 2 മണി മുതല്‍ 24 മണിക്കൂറിനുള്ളില്‍ അവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. യാതൊരു ജുഡീഷ്യല്‍ മേല്‍നോട്ടവുമില്ലാതെ അവരെ ഏകദേശം 18 മണിക്കൂര്‍ തടങ്കലില്‍ വെച്ചതായി കോടതി നിരീക്ഷിച്ചു. ഇത് ആര്‍ട്ടിക്കിള്‍ 22(2)ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, അവരെ ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു.
---------------
Hindusthan Samachar / Sreejith S