നീലേശ്വരത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം, ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Kasaragod , 06 നവംബര് (H.S.) നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി . 15 വയസുകാരൻ നീ
ബാലാവകാശ കമ്മീഷൻ


Kasaragod , 06 നവംബര് (H.S.)

നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി .

15 വയസുകാരൻ നീരജ് സന്തോഷിന്റെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.

സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ജില്ലയിലെ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ ഗുരുതര ആരോപണങ്ങളുമായിയാണ് രംഗത്തെത്തിയത്. നവംബർ 1നാണ് നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി.

നീരജിൻ്റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ബന്ധുക്കളുടെ പരാതി. മരിച്ച ദിവസം ആരോ ഫോൺ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നു. പിന്നീട് മടങ്ങി എത്തുമ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചിരുന്നു . നടന്നു വരുന്നത് കണ്ട് സുഹൃത്ത് വണ്ടിയിൽ കയറുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തല താഴോട്ടാക്കി നടന്നു പോയി എന്നും സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞുവെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.

ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടു എന്ന് സഹോദരനോട് നീരജ് പറഞ്ഞിരുന്നുവെന്നും കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യങ്ങളും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. തൂങ്ങി മരിക്കുന്നതിന് തൊട്ട് മുൻപേ ഹൃദയാഘാതം ഉണ്ടായെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് പിന്നാലെ ഒരു അധ്യാപകൻ വീട്ടിൽ എത്തി പുസ്തകങ്ങൾ തിരഞ്ഞിരുന്നു. എന്തെങ്കിലും ഒളിക്കാനാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ് കിടപ്പു മുറിയിലെ ഫാനിൽ നീരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം തൈക്കടപ്പുറം സന്തോഷിൻ്റെ മകനാണ് നീരജ്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News