പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർത്ഥികൾക്കും പാസ്പോർട്ട്, വിസ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
newdelhi, 06 നവംബര് (H.S.) ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന തിരഞ്ഞെടുത്ത പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർത്ഥികൾക്കും ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാസ്പോർട്ട്, വിസ വ്യവസ്ഥകളിൽ പ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട യാത്രാരേഖകൾ പുതു
പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർത്ഥികൾക്കും പാസ്പോർട്ട്, വിസ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ


newdelhi, 06 നവംബര് (H.S.)

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന തിരഞ്ഞെടുത്ത പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർത്ഥികൾക്കും ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാസ്പോർട്ട്, വിസ വ്യവസ്ഥകളിൽ പ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട യാത്രാരേഖകൾ പുതുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നവർ, മതപീഡനം കാരണം ഇന്ത്യയിലേക്ക് കുടിയേറിയവർ, പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട വിദേശ പൗരന്മാർ എന്നിവർക്കാണ് പുതിയ വിജ്ഞാപനം വഴി നിയമപരമായ ഇളവ് ലഭ്യമാകുന്നത്.

2010-ന് മുൻപ് എത്തിയ പാകിസ്താൻ പൗരന്മാർക്ക് ഇളവ്

2009 ഡിസംബർ 31-നോ അതിനുമുമ്പോ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള കർശനമായ പൊതുനിബന്ധനകളിൽ കേന്ദ്രം ഇളവ് അനുവദിച്ചു. പാകിസ്താൻ സർക്കാർ നൽകുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് ഇല്ലാത്തതിനാൽ യാത്രാരേഖകൾ പുതുക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

എന്നാൽ ഈ ഇളവ് ലഭിക്കുന്നതിന് ചില കർശന ഉപാധികളും പാലിക്കേണ്ടതുണ്ട്:

- ഇവർ പാകിസ്താനിൽ ആയിരുന്ന കാലയളവിൽ അവിടെനിന്ന് വിവാഹം കഴിച്ചിരിക്കരുത്.

- പാകിസ്താനിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടാകരുത്.

- ഇവർ ഇന്ത്യയിലേക്ക് വരുമ്പോൾ ഉപേക്ഷിച്ചുപോന്ന കുടുംബാംഗങ്ങൾ ഇന്ത്യൻ പൗരന്മാരായിരിക്കണം.

- ഭാവിയിൽ പാകിസ്താനിലേക്ക് മടങ്ങില്ലെന്ന് സത്യവാങ്മൂലം നൽകണം.

- അപേക്ഷകർക്കെതിരെ പോലീസിൽ നിന്നോ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നോ യാതൊരുവിധ പ്രതികൂല റിപ്പോർട്ടുകളും ഉണ്ടാകാൻ പാടില്ല.

മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർക്ക് ആശ്വാസം

മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുകയും 2009 ഡിസംബർ 31-നോ അതിനുമുമ്പോ അതാത് രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ഇന്ത്യൻ വംശജർക്കും പുതിയ ഉത്തരവ് ആശ്വാസമേകുന്നു. ബന്ധപ്പെട്ട വിദേശ രാജ്യങ്ങളിലെ നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാൽ പാസ്പോർട്ട് കാലാവധി നീട്ടിയെടുക്കാൻ സാധിക്കാത്തവർക്കാണ് ഇളവ്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങൾ ഒഴികെയുള്ള രാജ്യങ്ങളിലെ പൗരത്വം ലഭിച്ച മുൻ ഇന്ത്യൻ പൗരന്മാരെയാണ് ഈ വകുപ്പിൽ ഇന്ത്യൻ വംശജരായി കണക്കാക്കുന്നത്. ഇവർക്ക് ഇന്ത്യയിൽ തുടർന്നും താമസിക്കാൻ ഉചിതമായ വിഭാഗത്തിലുള്ള വിസ നിർബന്ധമാണ്.

നേപ്പാൾ, ഭൂട്ടാൻ യാത്രയ്ക്കുള്ള തിരിച്ചറിയൽ രേഖകൾ

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ തമ്മിൽ റോഡ് മാർഗ്ഗമോ വിമാന മാർഗ്ഗമോ നേരിട്ട് യാത്ര ചെയ്യുന്ന പൗരന്മാർക്ക് സാധാരണ പാസ്പോർട്ടിന് പകരം ഔദ്യോഗിക ‘വിസ മാനുവലിൽ’ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ഉത്തരവ് അനുമതി നൽകുന്നു. അതേസമയം, മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്നവരോ അല്ലെങ്കിൽ മൂന്നാമതൊരു രാജ്യത്ത് നിന്ന് വരുന്നവരോ ആണെങ്കിൽ ഈ ഇളവ് ബാധകമല്ല; അവർക്ക് സാധുവായ പാസ്പോർട്ട് നിർബന്ധമാണ്. ചൈന, മക്കാവു, ഹോങ്കോങ്, പാകിസ്താൻ എന്നിവയിലൂടെ കടന്നുപോകുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്കും സാധാരണ നിലയിലുള്ള പാസ്പോർട്ട്, വിസ ചട്ടങ്ങൾ ബാധകമായിരിക്കും.

---------------

Hindusthan Samachar / Roshith K


Latest News