Enter your Email Address to subscribe to our newsletters

NewDelhi,06 നവംബര് (H.S.)
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശത്തിൽ കെപിസിസിക്ക് കോടതിയലക്ഷ്യ നോട്ടീസ്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിഷയത്തിൽ കെപിസിസി യിലെ എല്ലാ ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ചുള്ള ഒന്നല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി .
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. ഭരണഘടനയാണ് പരമപ്രധാനമെന്നും അതിന് മുകളിൽ ഒരു വ്യക്തിയോ രാഷ്ട്രീയ സംഘടനയോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കോടതി വിധികൾ വിമർശനങ്ങൾക്ക് വിധേയമാക്കാവുന്നതാണ്. എന്നാൽ നീതിനിർവഹണ പ്രക്രിയയെ തടസപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉള്ള ഒരു മറയായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
എത്ര ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയായാലും കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ അംഗീകാരത്തിൻ്റെ ആവശ്യമില്ലെന്നും അത് നിയമവാഴ്ചയിൽ അധിഷ്ഠിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി . നീതിനിർവഹണം നടക്കുന്നിടത്ത് നിയമം അതിൻ്റെ വഴിക്ക് നീങ്ങുക തന്നെ വേണമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ചുള്ള ഒന്നല്ലെന്നും കോടതി ആവർത്തിച്ചു. ഈ വിഷയത്തിൽ ക്രിമിനൽ കോടതിയലക്ഷ്യമോ സിവിൽ കോടതിയലക്ഷ്യമോ നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ ഒരു മുതിർന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചതായും സുപ്രീം കോടതി അറിയിച്ചു.
കൂടാതെ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ സഹായവും കോടതി തേടിയിട്ടുണ്ട്.
ഒക്ടോബർ 12 ന് കോൺഗ്രസിൻ്റെ കേരള ഘടകത്തിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചീഫ് ജസ്റ്റിസിനെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ അത് നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു.
സൂര്യകാന്ത്, രാജിവെക്കൂ. നിങ്ങൾക്ക് പകരക്കാരനെ ഞങ്ങൾ കണ്ടെത്തും എന്നായിരുന്നു പോസ്റ്റിൻ്റെ സാരാംശം
പിന്നീട് വലിയ വിമർശനങ്ങൾ വന്നതിന് പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു. അതേസമയം ഇതിന് ഉത്തരവാദിയായ വ്യക്തിയെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ് അറിയിച്ചിരുന്നു. പാർട്ടി ഭാരവാഹികളുടെ അംഗീകാരമോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്തതെന്ന് കോൺഗ്രസിന് വേണ്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR