Enter your Email Address to subscribe to our newsletters

NewDelhi , 06 നവംബര് (H.S.)
തെരഞ്ഞെടുപ്പ് അവബോധവും ജനാധിപത്യ പ്രക്രിയയിൽ ഉത്തരവാദിത്തത്തോടെയുള്ള യുവജനപങ്കാളിത്തവും ലക്ഷ്യമിട്ട് മൈ ഭാരത് സംഘടിപ്പിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയായ ‘വികസിത് ഭാരത് യുവ സംവാദ്: നിങ്ങളുടെ വോട്ടിനെക്കുറിച്ച് അറിയുക’ സമാപിച്ചു. രാജ്യത്തെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സംഘടിപ്പിച്ച 536 പരിപാടികളിൽ 1,00,493 യുവജനങ്ങൾ പങ്കെടുത്തു. 536 യൂത്ത് ഐക്കണുകളും പരിപാടിയുടെ ഭാഗമായി.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് (മൈ ഭാരത്) മുഖേന ഒക്ടോബർ 26 മുതൽ നവംബർ 5 വരെയായിരുന്നു പ്രചാരണം സംഘടിപ്പിച്ചത്.
രാജ്യത്തെ 500 സർവകലാശാലകൾ, കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ യുവജനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അവബോധം എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേകിച്ച് കന്നിവോട്ടർമാർക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, ജനാധിപത്യത്തിലെ പൗരന്മാരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും പരിപാടി ലക്ഷ്യമിട്ടു.
പ്രചാരണത്തിന്റെ സമാപന ദിവസമായ നവംബർ അഞ്ചിന് 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 123 യുവ സംവാദങ്ങൾ സംഘടിപ്പിച്ചു. 22,588 യുവജനങ്ങളും 123 യൂത്ത് ഐക്കണുകളും അന്നേ ദിവസം പരിപാടികളിൽ പങ്കെടുത്തു.
ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യവും പരിപാടിയുടെ ഭാഗമായി. പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുമായ ഗുലാബ് ചന്ദ് കട്ടാരിയ, നാഗാലാൻഡ് ഗവർണർ നന്ദ് കിഷോർ യാദവ് എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഡൽഹിയിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധുവും വിദ്യാർഥികളുമായി സംവദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പാർലമെന്റ് അംഗങ്ങളും പങ്കെടുത്തു.
കായികരംഗത്തെ പ്രമുഖരും യൂത്ത് ഐക്കണുകളും യുവജനങ്ങളുമായി സംവദിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. അന്താരാഷ്ട്ര റഗ്ബി താരം അമൻദീപ് കൗർ, റോയിംഗ് താരം കുൽവിന്ദർ സിംഗ്, കായികതാരം ഭൂമിക ശുക്ല എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
അച്ചടക്കം, ആത്മവിശ്വാസം, കായികരംഗത്തെ യുവജനപങ്കാളിത്തം എന്നിവയുടെ പ്രാധാന്യവും ചർച്ചയായി. ഉത്തർപ്രദേശിൽ സൈക്ലിംഗിനും ഖേലോ ഇന്ത്യ പോലുള്ള കായിക പദ്ധതികൾക്കും പ്രത്യേക പ്രാധാന്യം നൽകി.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കാനും വോട്ടവകാശങ്ങളെയും പൗരന്മാരുടെ കടമകളെയും കുറിച്ച് ജനപ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും യുവ സംവാദങ്ങൾ അവസരമൊരുക്കി. ആധികാരിക സ്രോതസ്സുകളിൽനിന്ന് വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്റെയും അവ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതിന്റെയും ആവശ്യകതയും ചർച്ചകളിൽ ഉയർന്നു.
ക്വിസ് മത്സരങ്ങൾ, ചോദ്യോത്തര സെഷനുകൾ, ജനാധിപത്യ പ്രതിജ്ഞ, മൈ ഭാരത് പോർട്ടലിലെ രജിസ്ട്രേഷൻ തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അറിവോടെയുള്ള വോട്ടെടുപ്പിലൂടെയും സജീവമായ ജനാധിപത്യ പങ്കാളിത്തത്തിലൂടെയും രാജ്യത്തിന്റെ വികസനത്തിൽ യുവജനങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി യുവ സംവാദ് മാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR