Enter your Email Address to subscribe to our newsletters

Kochi , 07 നവംബര് (H.S.)
എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവിന് പിന്നാലെയാണ് സർക്കാറിനെ വെട്ടിലാക്കി സീറാം സാംബശിവറാവു റിപ്പോർട്ട് സമർപ്പിച്ചത്.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവു റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട്ട് നൽകിയത്.
കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സീറാം സാംബശിവ റാവു സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണങ്ങളാണ് ഉള്ളത്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ
എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിക്കുകയും ചെയ്തു.
ഗംഗാബാറിൽ നിന്നും 50,000 രൂപ കൈപ്പറ്റി. അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാം സാംബശിവ റാവു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിൽ ഉണ്ട്.
ഇന്നലെയാണ് എക്സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്തിയെ തുടർന്ന് എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നും സീറാം സാംബശിവറാവുവിനെ മാറ്റിയത്. മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകി എന്നതായിരുന്നു എം ലിജുവിന്റെ അതൃപ്തിയ്ക്ക് കാരണം. സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുൻപ് എക്സൈസ് കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുൻപ് നടന്നുവന്ന നടപടികളുടെ തുടർച്ചയായിയാണ് ലൈസൻസുകൾ അനുവദിച്ചത് എന്നുമായിരുന്നു സാംബശിവറാവുവിന്റെ വിശദീകരണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR