‘ഇന്ത്യയിലെ സാഹചര്യം ബംഗ്ലാദേശിനേക്കാളും നേപ്പാളിനേക്കാളും വഷളായേക്കാം’: ജാർഖണ്ഡ് മന്ത്രിയുടെ പരാമർശത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി
Ranch, 07 നവംബര് (H.S.) റാഞ്ചി: ഇന്ത്യയിലെ രാഷ്ട്രീയ–സാമൂഹിക അന്തരീക്ഷം ബംഗ്ലാദേശിലെയും നേപ്പാളിലെയും സമീപകാല സംഭവവികാസങ്ങളേക്കാൾ മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ജാർഖണ്ഡ് ആരോഗ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇർഫാൻ അൻസാരി
Jharkhand minister triggers row


Ranch, 07 നവംബര് (H.S.)

റാഞ്ചി: ഇന്ത്യയിലെ രാഷ്ട്രീയ–സാമൂഹിക അന്തരീക്ഷം ബംഗ്ലാദേശിലെയും നേപ്പാളിലെയും സമീപകാല സംഭവവികാസങ്ങളേക്കാൾ മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ജാർഖണ്ഡ് ആരോഗ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇർഫാൻ അൻസാരി രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തി. ഭരണമാറ്റത്തിനും വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കുമെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് ഇർഫാൻ അൻസാരിയെ അടിയന്തരമായി പുറത്താക്കണമെന്നും രാജ്യദ്രോഹപരമായ പരാമർശങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി ഇർഫാൻ അൻസാരി വിവാദ പരാമർശം നടത്തിയത്. നിലവിലെ ഭരണത്തിൻ കീഴിൽ യുവാക്കൾ, കർഷകർ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ഇടത്തരം കുടുംബങ്ങൾ എന്നിവരെല്ലാം കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ താൻ വിദ്യാർത്ഥികളുമായി നേരിട്ട് സംസാരിച്ചെന്നും, രാജ്യത്തുടനീളം 40 ലക്ഷത്തോളം യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ തയ്യാറായി നിൽക്കുകയാണെന്നും മന്ത്രി അവകാശപ്പെട്ടു. അവർ രാഹുൽ ഗാന്ധിയുടെ ഒരൊറ്റ ആഹ്വാനത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം പറയുന്നത് മറികടന്ന് അവർ ഒന്നും ചെയ്യില്ല. നിലവിൽ രാഹുൽ ഗാന്ധിയാണ് ഈ യുവാക്കളെ സംയമനത്തോടെ പിടിച്ചുനിർത്തിയിരിക്കുന്നത്, എന്നും അൻസാരി പറഞ്ഞു.ഇതിന് പുറമെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ റാഞ്ചിയിലേക്ക് ജനക്കൂട്ടവുമായി കൊണ്ടുപോകുമെന്ന തരത്തിലും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധമാണ് ബിജെപി അഴിച്ചുവിട്ടത്. റാഞ്ചിയിലെ ഡിപിഎസ് ചൗക്കിൽ പ്രവർത്തകർ ഇർഫാൻ അൻസാരിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് മുൻ സംസ്ഥാന അധ്യക്ഷനും മുൻ രാജ്യസഭാ എംപിയുമായ ദീപക് പ്രകാശിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം അർഗോറ പോലീസ് സ്റ്റേഷനിലെത്തി മന്ത്രിക്കെതിരെ ഔദ്യോഗികമായി പരാതി നൽകി. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുകയും രാജ്യത്ത് ക്രമസമാധാന തകർച്ച ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പരാതി ലഭിച്ചതായും വിശദമായ പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഇർഫാൻ അൻസാരി അരാജകത്വത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അമർ കുമാർ ബൗരിയും വക്താവ് പ്രതുൽ ഷഹ്ദേവും ആരോപിച്ചു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ വിറളിപൂണ്ട കോൺഗ്രസ് ജനാധിപത്യ മാർഗങ്ങളിലൂടെയല്ലാതെ, തെരുവ് അക്രമങ്ങളിലൂടെയും ഭരണമാറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ വിദേശ ശക്തികളുമായുള്ള ഒത്തുകളിയാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും, ഭരണഘടനാ പദവിയിലിരുന്ന് ഇത്തരത്തിൽ രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയ അൻസാരിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ തയ്യാറാകരുതെന്നും അവർ വ്യക്തമാക്കി. മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ നിലപാട്.

---------------

Hindusthan Samachar / Roshith K


Latest News