Enter your Email Address to subscribe to our newsletters

Newdelhi, 07 നവംബര് (H.S.)
ന്യൂഡൽഹി: കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനത്തിനും മുകളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലുകൾ തള്ളി പ്രമുഖ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികൾ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കർണാടക സർക്കാരിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്. പരിശോധനയ്ക്കായി ഇന്ധന സാമ്പിളുകൾ ശേഖരിച്ചതിലും ലാബ് പരിശോധന നടത്തിയതിലും നിയമപരവും സാങ്കേതികവുമായ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ പ്രധാന വാദം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബിൽ നടത്തിയ പരിശോധനാ ഫലങ്ങൾ നിരത്തിയായിരുന്നു സർക്കാരിന്റെ വെളിപ്പെടുത്തൽ. ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്നും ഇത് വാഹനങ്ങളുടെ എൻജിനുകളെ ദോഷകരമായി ബാധിക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും കർണാടക സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇന്ധന വിതരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള മാർഗനിർദേശങ്ങൾ സാമ്പിൾ പരിശോധനയിൽ കർണാടക സർക്കാർ ലംഘിച്ചുവെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ചട്ടപ്രകാരം ഡീലറുടെയോ പ്രതിനിധിയുടെയോ സാന്നിധ്യത്തിൽ നിശ്ചിത അളവിലുള്ള സാമ്പിളുകളാണ് മുദ്രവെച്ച് ശേഖരിക്കേണ്ടത്. ഇതിൽ ഒരു പങ്ക് പമ്പ് ഉടമയ്ക്കും, ഒരു പങ്ക് കമ്പനിക്കോ ബന്ധപ്പെട്ട വകുപ്പിനോ നൽകണം. ശേഷിക്കുന്ന സാമ്പിളുകൾ മാത്രമാണ് അംഗീകൃത പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കേണ്ടത്. ഈ സാങ്കേതിക നടപടിക്രമങ്ങൾ കർണാടകയിലെ പരിശോധനയിൽ പാലിച്ചിട്ടില്ലെന്നും അതിനാൽ പരിശോധനാ ഫലങ്ങൾ അവിശ്വസനീയമാണെന്നും കമ്പനികൾ നിലപാടെടുത്തു.
എണ്ണ ടെർമിനലുകളിൽ അത്യാധുനിക സാങ്കേതികവിദ്യയും ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉപയോഗിച്ചാണ് കൃത്യമായ അളവിൽ എഥനോൾ കലർത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിതരണം നടക്കുന്നതെന്നും ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നത് സാങ്കേതികമായി സാധ്യമല്ലെന്നും എണ്ണ വിപണന രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം, പമ്പുകളിൽ യഥാർഥ എഥനോൾ അനുപാതം ഉപഭോക്താക്കൾക്കായി പ്രദർശിപ്പിക്കണമെന്നും കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് കർണാടക സർക്കാരിന്റെ തീരുമാനം. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഉപകരിക്കൂവെന്ന് എണ്ണക്കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K