Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 നവംബര് (H.S.)
നുണകളും കുപ്രചരണങ്ങളും സ്വാർഥ രാഷ്ട്രീയവും സൃഷ്ടിക്കുന്ന നിഷേധാത്മക അന്തരീക്ഷത്തിൽ ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയത്തിന്റെയും പൊതുജീവിതത്തിന്റെയും ഏക ലക്ഷ്യം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും അവർക്ക് പ്രതീക്ഷ നൽകുകയുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാരാന്ത്യ ചിന്തകൾ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എത്ര ഉച്ചത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു എന്നതല്ല, സമൂഹത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പൊതുജീവിതത്തിന്റെ അളവുകോൽ. മാറ്റം സാധ്യമാണെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടായാൽ അവർ കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപങ്ങൾ നടത്താനും കുട്ടികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കാനും തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെക്കുറിച്ച് തുറന്ന സംവാദങ്ങൾ നടത്തുകയും മികച്ച ഫലങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പരം വിലയിരുത്തുകയും വേണം. ജനങ്ങളെ സേവിക്കാൻ നിയോഗിക്കപ്പെട്ടവർ അവരുടെ ജീവിതത്തിൽ യഥാർഥത്തിൽ പുരോഗതിയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യം നിരന്തരം ഉയർത്തണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
ശുഭാപ്തിവിശ്വാസം നിഷ്കളങ്കതയുടെയോ അറിവില്ലായ്മയുടെയോ അടയാളമല്ലെന്നും പുരോഗതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. നിഷേധാത്മക മനോഭാവത്തിന്റെ വിപരീതം മാത്രമല്ല പോസിറ്റീവ് സമീപനം. അത് പുരോഗതിയിലേക്കുള്ള വഴികൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ചിന്തകളോട് പലർക്കും അല്ലെങ്കിൽ കുറച്ചുപേർക്കെങ്കിലും യോജിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR