Enter your Email Address to subscribe to our newsletters

Kolkota, 07 നവംബര് (H.S.)
കൊൽക്കത്ത: കൊൽക്കത്തയിലെ തന്റെ വസതിക്ക് നേരെ ബിജെപി പ്രവർത്തകർ അർദ്ധരാത്രി ആക്രമണം നടത്തിയതായി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ തനിക്കെതിരെ നടക്കുന്ന ഏഴാമത്തെ വധശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുലർച്ചെ രണ്ട് മണിയോടെയാണ് കലിഘട്ടിലെ അദ്ദേഹത്തിന്റെ വസതിക്കും പഴയ പാർട്ടി ഓഫീസിനും നേരെ അക്രമം അരങ്ങേറിയത്.
സംഭവസമയത്ത് അഭിഷേക് ബാനർജിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രവർത്തകർ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. ഈ വേളയിൽ ബിജെപി അനുകൂലികൾ കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയും ബാരിക്കേഡുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തതായി തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ആക്രമണത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നെന്നും, മറ്റൊരു പ്രവർത്തകന്റെ മുഖത്തെ അസ്ഥിക്ക് പൊട്ടലേറ്റതായും വിവരമുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അഭിഷേക് ബാനർജി പങ്കുവെച്ചു. ഏതാനും ദിവസങ്ങളായി തന്റെ വസതിയും ഓഫീസും ചിലർ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും, ഇതേ തുടർന്നാണ് ആസൂത്രിതമായ അക്രമം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അക്രമികൾ അഴിഞ്ഞാടിയതെന്നും തടയാൻ ശ്രമിച്ച പോലീസുകാരെപ്പോലും അവർ ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് പോലും സംരക്ഷണം നൽകാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ സാധാരണ ജനങ്ങളുടെ സുരക്ഷ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. നീതിന്യായ വ്യവസ്ഥയും പോലീസും ഇത്തരം സംഭവങ്ങളിൽ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തെ തുടർന്ന് പുലർച്ചെ 2.45 മുതൽ രാവിലെ 6 മണി വരെ അഭിഷേക് ബാനർജി വസതിക്ക് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തുകയും കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയക്കുകയും ചെയ്തതോടെയാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അഭിഷേക് ബാനർജിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി രംഗത്തെത്തി. ഇതൊരു രാഷ്ട്രീയ നാടകം മാത്രമാണെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ ജന്മദിനം അർദ്ധരാത്രി പൊതുവഴിയിൽ ആഘോഷിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ സ്വാഭാവികമായും ജനരോഷമുണ്ടാകുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. അഭിഷേക് ബാനർജിയെ ആക്രമിക്കാൻ ആർക്കാണ് താല്പര്യമെന്നും, രാഷ്ട്രീയമായി തിരിച്ചടി നേരിടുന്ന തൃണമൂൽ കോൺഗ്രസ് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ ഇത്തരത്തിലുള്ള വിഷയങ്ങൾ സൃഷ്ടിക്കുകയാണെന്നും അവർ പരിഹസിച്ചു. ആക്രമണത്തെച്ചൊല്ലി ബംഗാളിൽ ഭരണ-പ്രതിപക്ഷ തർക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K