ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് തുല്യ അവസരവും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടാകും: മന്ത്രി ബിന്ദു കൃഷ്ണ
Kollam, 07 നവംബര്‍ (H.S.) കൊല്ലം: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് തുല്യ അവസരവും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് തൊഴിൽ, വനിത- ശിശുവികസന, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുടുംബശ്രീ ജ
bindhu


Kollam, 07 നവംബര്‍ (H.S.)

കൊല്ലം: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് തുല്യ അവസരവും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് തൊഴിൽ, വനിത- ശിശുവികസന, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്സ്, ബി ആർ സി കായികമേള, 'ബഡ്സ് ഒളിമ്പിയ 3.O' തേവള്ളി സർക്കാർ മോഡൽ എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് സഹതാപമല്ല, അവരുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അക്കാര്യത്തിൽ സർക്കാർ സജീവ ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. തെറാപ്പി ആവശ്യമായ എല്ലാവർക്കും അത് ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സുരക്ഷ, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്. കുട്ടിക്കുറ്റവാളികൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും രക്ഷിതാക്കളും അധ്യാപകരും പ്രാധാന്യം നൽകണമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി 39 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി എത്തിയ കുട്ടികളുടെ മാർച്ച് പാസ്റ്റ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് സല്യൂട്ട് സ്വീകരിച്ചു. തേവള്ളി ഡിവിഷൻ കൌൺസിലർ ബി ഷൈലജ അധ്യക്ഷയായ ഉദ്ഘാടനച്ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഉന്മേഷ് ബി, ജിനേഷ് ജി ടി, അനീസ എ, കൊല്ലം സി ഡി എസ് ചെയർപേഴ്സൺ അംബിക എസ്, കൊല്ലം ഈസ്റ്റ് സി ഡി എസ് ചെയർപേഴ്സൺ കുഞ്ഞുമണി എസ്, തേവള്ളി സർക്കാർ മോഡൽ എച്ച് എസ് എസ് പ്രധാനാധ്യാപിക സഫീന എ തുടങ്ങിയവർ പങ്കെടുത്തു.

ബഡ്സ്, ബി ആർ സി ജില്ലാ കായികമേളയിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി നടന്ന 30 മത്സരങ്ങളിൽ ബൌദ്ധിക വെല്ലുവിളികൾ നേരിടുന്ന 335 കുട്ടികളാണ് മാറ്റുരച്ചത്. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ വിദ്യാർഥികളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളിലെ പരിശീലനാർത്ഥികളുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

---------------

Hindusthan Samachar / Sreejith S


Latest News