Enter your Email Address to subscribe to our newsletters

Chennai , 07 നവംബര് (H.S.)
ചെന്നൈ: തമിഴ്നാട്ടിലെ കോളേജ് വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച 'വെട്രി ലാപ്ടോപ്പ് പദ്ധതി' നടപ്പാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പദ്ധതിക്കായി 2,000 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 2026-27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതിയുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ഉന്നതതല സമിതിയും രൂപീകരിക്കും.
ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം പ്രധാനമായും ലഭ്യമാകുക. ആർട്സ് ആൻഡ് സയൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ, ഫിഷറീസ്, നിയമം തുടങ്ങിയ ബിരുദ കോഴ്സുകളിലെയും പോളിടെക്നിക്, ഐ.ടി.ഐ ഡിപ്ലോമ കോഴ്സുകളിലെയും ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് ഇതിലൂടെ ലാപ്ടോപ്പുകൾ ലഭിക്കും.
കൂടാതെ, 2025-26 അധ്യയന വർഷത്തിൽ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പോയ പ്രൊഫഷണൽ കോഴ്സുകളിലെ മൂന്നും നാലും വർഷ വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള ലാപ്ടോപ്പുകൾ
വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കനുസൃതമായ സാങ്കേതിക സൗകര്യങ്ങളോടെയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കായി 'ഇന്റൽ കോർ ഐ5' (Intel Core i5) പ്രൊസസറോ അല്ലെങ്കിൽ തത്തുല്യമായ ശേഷിയുള്ളതോ ആയ ഉയർന്ന നിലവാരമുള്ള ലാപ്ടോപ്പുകൾ നൽകാനാണ് തീരുമാനം. ലാപ്ടോപ്പുകൾ ഗുണനിലവാരം ഉറപ്പുവരുത്തി സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല സർക്കാർ ഏജൻസിയായ എൽകോട്ടിന് (ELCOT) നൽകിയിട്ടുണ്ട്.
ഡിജിറ്റൽ മുന്നേറ്റവും തൊഴിൽ അവസരങ്ങളും
ആധുനിക ഡിജിറ്റൽ യുഗത്തിൽ ഉന്നതവിദ്യാഭ്യാസം നേടുന്ന ഓരോ വിദ്യാർഥിക്കും ലാപ്ടോപ്പ് അത്യന്താപേക്ഷിതമായ ഒരു പഠനോപകരണമായി മാറിയിരിക്കുന്നുവെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സാങ്കേതിക അറിവ് വർധിപ്പിക്കുന്നതിനും നൈപുണ്യ വികസന പരിശീലനങ്ങൾക്കും ഓൺലൈൻ പഠനത്തിനും ഇത് വലിയ തോതിൽ സഹായകമാകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും സാധാരണ ഇടത്തരം കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് ഡിജിറ്റൽ വിടവ് നികത്താൻ ഈ പദ്ധതി ഒരു വലിയ നാഴികക്കല്ലാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. വരുംതലമുറയെ ആഗോള മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാനും സ്വയം പര്യാപ്തരാകാനും വെട്രി ലാപ്ടോപ്പ് പദ്ധതി വിദ്യാർഥികൾക്ക് കരുത്താകും.
---------------
Hindusthan Samachar / Roshith K