അഭിഷേക് ബാനർജിയുടെ വസതിക്ക് പുറത്ത് സംഘർഷം: മൂന്ന് തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ; ബിജെപി-തൃണമൂൽ പോര് രൂക്ഷം
Kolkota, 08 നവംബര് (H.S.) കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ വസതിക്ക് പുറത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കാളീഘട്ടിലെ വസതിക്ക് സമീ
അഭിഷേക് ബാനർജിയുടെ വസതിക്ക് പുറത്ത് സംഘർഷം: മൂന്ന് തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ; ബിജെപി-തൃണമൂൽ പോര് രൂക്ഷം


Kolkota, 08 നവംബര് (H.S.)

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ വസതിക്ക് പുറത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കാളീഘട്ടിലെ വസതിക്ക് സമീപം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കാളീഘട്ട് പോലീസ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഭിഷേക് ബാനർജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച പുലർച്ചെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായിരുന്നു. മേഖലയിൽ നിരോധനാജ്ഞ (സെക്ഷൻ 163) നിലനിൽക്കുന്നതിനാൽ വസതിക്ക് പുറത്ത് റോഡിലും നടപ്പാതയിലും കൂട്ടംകൂടരുതെന്നും ആഘോഷങ്ങൾ വീടിനകത്തേക്ക് മാറ്റണമെന്നും പോലീസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. എന്നാൽ റോഡിൽ തന്നെ കേക്ക് മുറിച്ച് ആഘോഷിക്കണമെന്ന് പ്രവർത്തകർ വാശിപിടിച്ചതോടെ പോലീസുമായി തർക്കമുണ്ടാവുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടയിൽ പോലീസുകാരെ കയ്യേറ്റം ചെയ്തതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് മൂന്ന് പാർട്ടി പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

ഈ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്. തന്റെ വസതിക്ക് നേരെ ബിജെപി ഗുണ്ടകൾ ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അഭിഷേക് ബാനർജി ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അജ്ഞാതരായ ആളുകൾ തന്റെ വീടും പരിസരവും നിരീക്ഷിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്തപ്പോൾ അവർ പോലീസുകാരാണെന്ന് കളവ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പോലീസുകാരെപ്പോലും അക്രമികൾ വെറുതെവിട്ടില്ലെന്നും ഇത്തരം അക്രമ സംഭവങ്ങൾക്ക് പിന്നിലെ കൃത്യമായ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. പുലർച്ചെ ഗുണ്ടാസംഘങ്ങളുമായി വന്ന് പ്രദേശത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് അവർ ആരോപിച്ചു. സാധാരണക്കാരുടെ വഴി തടസ്സപ്പെടുത്തി അനുമതിയില്ലാതെ ആഘോഷങ്ങൾ നടത്തുന്നതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, തങ്ങളെ ഭയപ്പെടുത്താൻ ബുൾഡോസർ രാജ് കൊണ്ടുവരാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.

എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങളെ ബിജെപി നേതൃത്വം പൂർണ്ണമായി തള്ളി. കാളീഘട്ടിൽ പൂജയ്ക്കുള്ള വിഗ്രഹങ്ങൾ വാങ്ങാൻ പോയ തങ്ങളുടെ പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ വാദം. നേതാവിന്റെ ജന്മദിനം ആഘോഷിക്കാൻ പൊതുവഴികളും നടപ്പാതകളും കൈയേറി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അതിന് അനുയോജ്യമായ സ്റ്റേഡിയങ്ങളോ മൈതാനങ്ങളോ ആണ് ഉപയോഗിക്കേണ്ടതെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News