തവാങ്ങിൽ ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകൾ ദർശിച്ചത് 31,000 പേർ
Arunachal pradesh , 08 നവംബര് (H.S.) അരുണാചൽ പ്രദേശിലെ തവാങ്ങിൽ ശാക്യമുനി ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകൾ ദർശിക്കാൻ എത്തിയത് 31,000 ഭക്തരും സന്ദർശകരും. ഏഴ് ദിവസം നീണ്ടുനിന്ന പ്രദർശനം നവംബർ ഏഴിന് സമാപിച്ചു. തവാങ്ങിലെ ഗഡൻ നാംഗ്യാൽ ലാറ്റ്സെ (തവാങ്ങ്
ബുദ്ധ ടെമ്പിൾ


Arunachal pradesh , 08 നവംബര് (H.S.)

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ശാക്യമുനി ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകൾ ദർശിക്കാൻ എത്തിയത് 31,000 ഭക്തരും സന്ദർശകരും. ഏഴ് ദിവസം നീണ്ടുനിന്ന പ്രദർശനം നവംബർ ഏഴിന് സമാപിച്ചു. തവാങ്ങിലെ ഗഡൻ നാംഗ്യാൽ ലാറ്റ്സെ (തവാങ്ങ് മൊണാസ്ട്രി)യിൽ നടന്ന പ്രദർശനത്തിന് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം, അരുണാചൽ പ്രദേശ് സർക്കാർ, ന്യൂഡൽഹിയിലെ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒക്ടോബർ 31ന് ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമുള്ള ചടങ്ങുകളോടെയാണ് തിരുശേഷിപ്പുകൾ തവാങ്ങിലെത്തിച്ചത്.

കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു തിരുശേഷിപ്പുകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.

ഏഴ് ദിവസവും തവാങ്ങ് മൊണാസ്ട്രിയിൽ ഭക്തരുടെ വലിയ തിരക്കായിരുന്നു. തവാങ്ങ് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ളവർ തിരുശേഷിപ്പുകൾ ദർശിക്കാനും പ്രാർത്ഥനകൾ നടത്താനും എത്തി. ബുദ്ധ സന്യാസിമാർക്കും പൊതുജനങ്ങൾക്കും ആദരവ് അർപ്പിക്കാനും അനുഗ്രഹം തേടാനും പ്രദർശനം അവസരമൊരുക്കി.

പ്രദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പെമ ഖണ്ഡു രണ്ട് പ്രത്യേക പ്രദർശനങ്ങളും ഉദ്ഘാടനം ചെയ്തു. 1898ൽ പിപ്രഹ്വയിൽ ബുദ്ധന്റെ തിരുശേഷിപ്പുകൾ കണ്ടെത്തിയതിന്റെ ചരിത്രം അവതരിപ്പിക്കുന്ന 'വിശുദ്ധ പിപ്രഹ്വയെ കണ്ടെത്തിയ കഥ: പരിശുദ്ധ ബുദ്ധന്റെ തിരുശേഷിപ്പുകളും അവയുടെ കണ്ടെത്തലും' എന്ന പ്രദർശനം ഐബിസിയാണ് ഒരുക്കിയത്. നാഷണൽ മ്യൂസിയം സംഘടിപ്പിച്ച 'ധമ്മയുടെ വഴിത്തിരിവുകൾ: പാരമ്പര്യ പൈതൃകങ്ങൾ, ജീവനകല, നരവംശശാസ്ത്രപരമായ കാഴ്ചപ്പാടുകൾ' എന്ന പ്രദർശനത്തിലൂടെ ബുദ്ധമതത്തിന്റെ ചരിത്രപരവും കലാപരവും സാംസ്കാരികവുമായ പൈതൃകം പരിചയപ്പെടുത്തി.

നവംബർ രണ്ടിന് തവാങ്ങിലെ കലാവാങ്പോ കൺവെൻഷൻ സെന്ററിൽ 'ബുദ്ധമതം: ഹിമാലയൻ മേഖലകളിലേക്കും അതിനപ്പുറത്തേക്കുമുള്ള വ്യാപനം' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ബുദ്ധമത പണ്ഡിതർ, മതനേതാക്കൾ, പ്രതിനിധികൾ എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ ബുദ്ധമത ദർശനങ്ങളുടെയും പൈതൃകത്തിന്റെയും പ്രചാരണവും സംരക്ഷണവും സംബന്ധിച്ച് ചർച്ചകൾ നടന്നു.

തവാങ്ങിലെ പ്രദർശനം സമാപിച്ചതോടെ തിരുശേഷിപ്പുകൾ അടുത്ത പ്രദർശന കേന്ദ്രമായ ബോംഡിലയിലേക്ക് മാറ്റും. നവംബർ എട്ടിന് ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ തിരുശേഷിപ്പുകൾ ബോംഡിലയിലെത്തിക്കും. അപ്പർ ഗോംപയിലെ ഹ്രസ്വ ഇടവേളയ്ക്കുശേഷം ലോവർ ഗോംപയിലെ ടിജിഎൽ മൊണാസ്ട്രിയിൽ പൊതുദർശനത്തിനായി സ്ഥാപിക്കും.

നവംബർ എട്ട് മുതൽ 13 വരെയാണ് ഇവിടെ ദർശനത്തിന് അവസരം.

തുടർന്ന് നവംബർ 14 മുതൽ 20 വരെ നംസായിയിലെ ഗോൾഡൻ പഗോഡയിൽ തിരുശേഷിപ്പുകൾ പൊതുദർശനത്തിന് വെക്കും. നവംബർ 21ന് ഇവ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലേക്ക് തിരിച്ചെത്തിക്കും.

ഇന്ത്യയുടെ സമ്പന്നമായ ബുദ്ധമത പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ബുദ്ധമത സമൂഹങ്ങളുമായുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News