Enter your Email Address to subscribe to our newsletters

Kochi 08 നവംബര് (H.S.)
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപകർ വർഷങ്ങളായി പഞ്ചിംഗ് നടത്താറില്ലെന്ന് സർക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. സർവകലാശാലയിലെ അധ്യാപകരിൽ സംസ്കൃതം (സാഹിത്യം), സംഗീതം വിഭാഗങ്ങളിലെ ഏതാനും അധ്യാപകർ മാത്രമാണ് പഞ്ചിംഗ് നടത്താറുള്ളതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹാജർ വേണ്ടെന്ന് വാദിച്ച് വിദ്യാർത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നതും ബയോമെട്രിക് ഹാജർ സംവിധാനം അട്ടിമറിച്ച സർവകലാശാലയിലെ അധ്യാപകരാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിച്ചു.
2018-ലെ പൊതുഭരണ വകുപ്പിന്റെയും 2023-ലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകൾ പ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും യൂണിസ്പാർക്ക് നടപ്പിലാക്കിയിട്ടുണ്ട്. 2016 ഡിസംബർ 15-ന് ചേർന്ന കാലടി സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗവും അധ്യാപകരുടെ പഞ്ചിംഗ് സംബന്ധിയായി തീരുമാനമെടുത്തിരുന്നു. തുടർന്ന് 2016-ൽ സർവകലാശാലയിൽ എല്ലാ ജീവനക്കാർക്കും പഞ്ചിംഗ് ഏർപ്പെടുത്തി ഉത്തരവായി. എന്നാൽ, അനധ്യാപക വിഭാഗം ജീവനക്കാർ മാത്രമാണ് പഞ്ചിംഗ് ചെയ്തുവരുന്നത്. 2022 ഏപ്രിൽ 25-ന് സർവകലാശാലയിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാരും കൃത്യമായി പഞ്ചിംഗ് നടത്തണമെന്ന് സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർവകലാശാലയിലെ സി.പി.എം. അധ്യാപക യൂണിയന്റെ ആഹ്വാനപ്രകാരം അധ്യാപകർ 2016 മുതൽ പഞ്ചിംഗ് ബഹിഷ്കരിക്കുകയായിരുന്നു.
സർവകലാശാലയിലെ 46 പ്രൊഫസർമാരുടെ നിയമനങ്ങൾ സർക്കാർ അംഗീകാരമില്ലാതെയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2023 - 2024 ലെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം സർക്കാർ അനുവദിച്ചിരിക്കുന്ന ആകെ അധ്യാപകരുടെ എണ്ണം 220 ആണ്. ഈ ഉത്തരവ് പ്രകാരം ഒൻപത് പ്രൊഫസർമാരെയും 21 അസോസിയേറ്റ് പ്രൊഫസർമാരെയും 190 അസിസ്റ്റന്റ് പ്രൊഫസർമാരെയുമാണ് സർവകലാശാലയിൽ സ്ഥിരമായി നിയമിക്കാവുന്നത്. എന്നാൽ, സർവകലാശാലയിലെ രേഖകൾ പരിശോധിച്ചതിൽ 55 പ്രൊഫസർമാരും 15 അസോസിയേറ്റ് പ്രൊഫസർമാരും 52 അസിസ്റ്റന്റ് പ്രൊഫസർമാരുമാണ് സർവകലാശാലയിൽ ജോലി ചെയ്യുന്നതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ അംഗീകാരമില്ലാതെ അധികമായി നിയമിച്ച 46 പ്രൊഫസർമാർക്ക് പ്രതിമാസം ശമ്പളയിനത്തിൽ അധിക തുക നൽകിയതിന് ഓഡിറ്റ് വിഭാഗം സർവകലാശാലയോട് ഒക്ടോബർ 6-ന് വിശദീകരണം ചോദിച്ചിട്ടുണ്ട്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപകർക്ക് പഞ്ചിംഗ് ഏർപ്പെടുത്തി ശമ്പളം യൂണിസ്പാർക്ക് വഴിയാക്കണമെന്നും പഞ്ചിംഗ് നടത്താത്ത അധ്യാപകർക്ക് ശമ്പളം നൽകരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസിന് പരാതി നൽകി.
രണ്ടായിരം മുതൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടത്തിയ അധ്യാപക - അനധ്യാപക നിയമനങ്ങളിൽ സമ്പൂർണ്ണ ഓഡിറ്റ് നടത്തുവാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR