Enter your Email Address to subscribe to our newsletters

Paris, 08 നവംബര് (H.S.)
പാരിസ്: ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ദീപാവലി ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ദീപാവലിയുടെ ദിവ്യവെളിച്ചം ജനങ്ങളിൽ ഐക്യവും സമാധാനവും പ്രത്യാശയും ഉയർത്തിപ്പിടിക്കാൻ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. ഇന്ത്യയിലും ഫ്രാൻസിലും ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള തന്റെ എല്ലാ ഇന്ത്യൻ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും മാക്രോൺ ദീപാവലി സന്ദേശം പങ്കുവെച്ചു എന്നത് ഏറെ ശ്രദ്ധേയമായി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിലെ വിഖ്യാതമായ 'ജയ് ഹോ' എന്ന ഗാനത്തിന്റെ ഇൻസ്ട്രുമെന്റൽ പതിപ്പും പശ്ചാത്തല സംഗീതമായി ഫ്രഞ്ച് പ്രസിഡന്റ് ഉൾപ്പെടുത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ സ്വീകാര്യത നേടിയിട്ടുണ്ട്.
ഇമ്മാനുവൽ മാക്രോണിന് പുറമെ മറ്റ് പ്രമുഖ ആഗോള നേതാക്കളും ദീപാവലി ആശംസകൾ പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. വെളിച്ചത്തിന്റെ വിജയത്തിന്റെ മഹത്തായ ആഘോഷമാണ് ദീപാവലിയെന്നും മതപരവും സാംസ്കാരികവുമായ അതിർവരമ്പുകൾക്കപ്പുറം സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്ന സവിശേഷമായ ദിനമാണിതെന്നും ആൽബനീസ് തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഹിന്ദു, ജൈന, സിഖ്, ബുദ്ധ മതവിഭാഗങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ഈ ഉത്സവം ആത്മീയവും വ്യക്തിപരവുമായ നവീകരണത്തിന്റെയും ഉദാരതയുടെയും പുത്തൻ തുടക്കങ്ങളുടെയും പ്രാചീന പാരമ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാരുണ്യത്തിന്റെയും പരസ്പര ധാരണയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈ ഉത്സവം പകരുന്നത്. കൂടാതെ, ആധുനിക ഓസ്ട്രേലിയയുടെ ബഹുസ്വര സംസ്കാരത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ഇന്ത്യൻ വംശജർ രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിന്മയ്ക്കുമേൽ നന്മയുടെയും ഇരുളിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെ വിളംബരം ചെയ്യുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി, ചിരാതുകൾ തെളിയിച്ചും പ്രാർത്ഥനകൾ നടത്തിയും മധുരം പങ്കുവെച്ചുമാണ് ലോകമെമ്പാടും ഭക്തിസാന്ദ്രമായി കൊണ്ടാടുന്നത്. പ്രമുഖ ലോകനേതാക്കളുടെ ഈ ആശംസകൾ ആഗോളതലത്തിൽ ഭാരതീയ സംസ്കാരത്തിനും പ്രവാസി സമൂഹങ്ങൾക്കും ലഭിക്കുന്ന ആദരവിനെയും അംഗീകാരത്തെയുമാണ് അടിവരയിടുന്നത്.
---------------
Hindusthan Samachar / Roshith K