രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ‘ദിമാഗി നക്സലുകൾ’ കടന്നുകൂടി; ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം: ബസ്തറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Chathisghad , 08 നവംബര് (H.S.) ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ സുപ്രധാന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആയുധമേന്തിയ നക്സലൈറ്റുകളെ വനമേഖലകളിൽ നിന്ന് തുടച്ചുനീക്കിയെങ്കിലും, നക്സലിസത
രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ‘ദിമാഗി നക്സലുകൾ’ കടന്നുകൂടി; ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം: ബസ്തറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി


Chathisghad , 08 നവംബര് (H.S.)

ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ സുപ്രധാന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആയുധമേന്തിയ നക്സലൈറ്റുകളെ വനമേഖലകളിൽ നിന്ന് തുടച്ചുനീക്കിയെങ്കിലും, നക്സലിസത്തിന്റെ ഭീഷണി പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ദിമാഗി നക്സലുകൾ’ (മാനസിക–ആശയപരമായ നക്സലുകൾ) വിവിധ സാമൂഹിക സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും കടന്നുകൂടിയിട്ടുണ്ടെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കരണ്പൂരിലെ കോബ്ര (CoBRA) ഓപ്പറേഷൻസ് ബേസിൽ ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. പതിറ്റാണ്ടുകൾ നീണ്ട മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യം വൻ വിജയം നേടിയ ശേഷമുള്ള ആദ്യത്തെ ദീപാവലിയാണിതെന്നും, ഇന്ന് രാജ്യത്തെ എല്ലാ ജില്ലകളും നക്സൽ മുക്തമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യയശാസ്ത്രപരമായി പ്രവർത്തിക്കുന്ന മാവോയിസ്റ്റ് അനുകൂലികൾ ഇപ്പോഴും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന് മോദി മുന്നറിയിപ്പ് നൽകി.

വനങ്ങളിൽ നിന്ന് ആയുധധാരികളായ നക്സലുകളെ ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വിവിധ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ 'ദിമാഗി നക്സലുകൾക്ക്' കഴിഞ്ഞിരിക്കുന്നു. ഇന്നും അവർ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനങ്ങൾക്കും എതിരെ നിരപരാധികളെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. പല രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ഇക്കൂട്ടർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവരെ വേർതിരിച്ചു കാണാനും പരാജയപ്പെടുത്താനും രാജ്യത്തിന് സാധിക്കണം, പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

മുൻകാലങ്ങളിൽ നക്സൽ വിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികരുടെ കൈകൾ ബന്ധിക്കപ്പെട്ടിരുന്ന അവസ്ഥയായിരുന്നുവെന്നും, എന്നാൽ നിലവിലെ സർക്കാർ സൈന്യത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയതാണ് മാവോയിസ്റ്റ് ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭീകരർക്കും വിഘടനവാദികൾക്കും ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നക്സൽ അതിക്രമങ്ങൾ കാരണം ദീർഘകാലം വികസനം വഴിമുട്ടിനിന്ന ബസ്തർ മേഖലയിൽ ഇപ്പോൾ മാറ്റത്തിന്റെ പുതിയൊരു അധ്യായം ആരംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം, വിനോദസഞ്ചാരം, തൊഴിലവസരങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിലൂടെ 140 കോടി ജനങ്ങളുടെ നന്ദിയും കടപ്പാടുമാണ് താൻ അറിയിക്കുന്നതെന്നും, സുരക്ഷാ സേനാംഗങ്ങൾ തന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. പവിത്രമായ ഒരു ഉത്സവ ദിനത്തിലും സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വേളയിലും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിമർശനം ഉന്നയിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്താനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Roshith K


Latest News